മനംമയക്കും മലയാറ്റൂർ

Malayatur

“മലയാറ്റൂർ പള്ളിയിൽ ചെന്നു നമ്മൾ പൊന്നിൻ കുരിശിൽ മുത്തമിട്ടു” – സ്കൂളിലെ നാടോടി നൃത്തത്തിന്റെ പാട്ടിൽ ഇങ്ങനെയൊരു വരിയുണ്ടായിരുന്നു. അന്ന് മനസ്സിൽ കയറിയതാണ് മലയാറ്റൂർ. പിന്നീടങ്ങോട്ട് വർഷങ്ങൾ ഒരുപാട് കഴിഞ്ഞാണ് മലയാറ്റൂരിന്റെ മണ്ണിലേക്ക് യാത്രതിരിക്കുന്നത്.Malayatur

കാലടി സംസ്കൃത സർവ്വകലാശാലയിൽ പഠിക്കുന്ന സമയത്ത് കൂട്ടുകാരികളായ മിന്നുവും റഹീമയും ഒരുപോലെ പറഞ്ഞിരുന്നു, ‘നിനക്ക് മലയാറ്റൂർ ഒരുപാട് ഇഷ്ടപ്പെടുമെന്ന്’. എന്റെ ഇഷ്ടമറിയുന്നവർ പറയുന്നത് സത്യമായിരിക്കണമല്ലോ.

എറണാകുളത്തുനിന്നും ഒരു ദിവസത്തിൽ ഒന്ന് പോയി റിലാക്സ് ആവാനുള്ള ഇടങ്ങൾ തിരയുമ്പോളാണ് മലയാറ്റൂർ പെട്ടെന്ന് ഓർമ്മയിലേക്ക് വരുന്നത്. അങ്ങനെ ഒരു ദിവസം ഞാനും എന്റെ പാർട്ണർ യാസിയും കൂടെ മലയാറ്റൂരിലേക്ക് പോയിരുന്നു. ആദ്യ യാത്രയിൽ തന്നെ അങ്ങോട്ടുള്ള വഴിയും മലയാറ്റൂരും ഒത്തിരി ഇഷ്ട്ടപെട്ടതുകൊണ്ട് ഇപ്രാവശ്യം മല മുഴുവൻ കയറുക എന്ന ലക്ഷ്യത്തോടെ പോവുന്ന കുഞ്ഞു യാത്രയാണിത്.

കാക്കനാട് നിന്നും ഏകദേശം 34 കിലോമീറ്ററാണ് മലയാറ്റൂരിലേക്ക്. നഗരത്തിന്റെ തിരക്കുകളിൽനിന്ന് മാറി ഹൈവേയിൽനിന്നും കുഞ്ഞു റോഡിലേക്ക് വഴിമാറി തുടങ്ങിയപ്പോൾ തന്നെ ഹാ.. ഒരു ആശ്വാസം. കൂടുതൽ സഞ്ചരിക്കുന്തോറും വീടുകളുടെ എണ്ണം കുറഞ്ഞുവരുന്നു. കൂടുതൽ പറമ്പുകൾ, കൃഷി സ്ഥലങ്ങൾ. ജാതിയും പഴത്തോട്ടവും റംബൂട്ടാനും ഒക്കെ നിറഞ്ഞുനിൽക്കുന്നത് കാണാൻ തന്നെ ഒരു രസം. മുമ്പും ഈ വഴി പോയിട്ടുണ്ടെങ്കിലും ഓരോ പ്രാവശ്യവും പുതുമയുള്ളതായി തോന്നുന്നു. യാത്രയ്ക്കിടയിൽ പെട്ടെന്നാണ് നമ്മൾ കാട്ടിലേക്ക് പ്രവേശിക്കുക. ചുറ്റും മരങ്ങളും വളഞ്ഞു പുളഞ്ഞുപോകുന്ന കുഞ്ഞു റോഡും. ഉള്ളിലേക്ക് കയറിയാൽ പിന്നെ വണ്ടികളുടെ എണ്ണം നന്നേ കുറവായിരിക്കും. ഞങ്ങൾ എത്തുന്നതിന് മുന്നേ ഇവിടെ മഴ പെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ നല്ല തണുപ്പ്, മണ്ണിന്റെ മണം, കാടിന്റെ മണം.

കുറച്ച് ഉള്ളിലേക്ക് പോയപ്പോൾ റോഡിന്റെ അരികിൽ തോടിന്റെ കുറുകെ ഒരു പാലവും ഒരു കുഞ്ഞു വഴിയും കണ്ടു. തോടും പാലവും ഇടവഴിയും ഒക്കെ എന്നും എനിക്കൊരു വീക്നെസ് ആയതുകൊണ്ട് വണ്ടി നിർത്തി ആ വഴിയെ നടന്നു. പാലത്തിൽ കയറി. മരത്തിന്റെയും കാറ്റിന്റെയും കിളികളുടെയും ശബ്ദം ഒഴിച്ചാൽ വേറെ ശബ്ദങ്ങൾ ഒന്നും തന്നെയില്ല, എന്തു സമാധാനം. അവിടെനിന്ന് കുറച്ചുകഴിഞ്ഞാണ് നമ്മൾ കുരിശുമല ലക്ഷ്യമാക്കി പോകുന്നത്.

ആദ്യം കണ്ടപ്പോൾ തന്നെ മലയാറ്റൂരിലെ നക്ഷത്ര തടാകത്തിനോട് എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു. നൈനിത്താളിൽ പോയിട്ടില്ലെങ്കിലും മനസ്സിലെ നൈനിത്താൽ അവിടെ കണ്ടതു കൊണ്ടാവണം, ഈ തടാകം കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നതും നൈനിയെ ആണ്. മുന്നേ വന്നപ്പോഴൊക്കെ തടാകക്കരയിൽ ഇരുന്നിട്ടുണ്ട്. ഇപ്രാവശ്യം മലക്കയറ്റം കഴിഞ്ഞിട്ട് ഇരിക്കാം എന്ന് തീരുമാനിച്ചു.

മല – ആറ് – ഊര് : മലയും ആറും ചേർന്ന ഊര്, പേര് പോലെത്തന്നെ മനോഹരിയാണ് മലയാറ്റൂർ.

മലയാറ്റൂർ പ്രധാനമായും ഒരു തീർത്ഥാടന കേന്ദ്രമാണ്. യേശുവിന്റെ ശിഷ്യനായ തോമാശ്ലീഹാ സ്ഥാപിച്ചതെന്ന് വിശ്വസിക്കുന്ന കുരിശുമുടി പള്ളിയാണ് ഇവിടുത്തെ പ്രധാന തീർത്ഥാടന കേന്ദ്രം. മഹാഗണി തോട്ടം, മലയാറ്റൂർ Aqueduct, പാണിയേലി പോര് തുടങ്ങിയ സ്ഥലങ്ങളും പ്രകൃതിയെ ഇഷ്ട്ടപെടുന്നവരെ മലയാറ്റൂരിൽ കാത്തിരിക്കുന്നുണ്ട്. മുന്നേ മലയാറ്റൂർ പോയപ്പോൾ മഹാഗണി തോട്ടം, മലയാറ്റൂർ Aqueduct – ഈ രണ്ട് സ്ഥലങ്ങളിലും ഞങ്ങൾ പോയിരുന്നു.

മലയാറ്റൂരിൽനിന്നും 9 കിലോമീറ്ററാണ് മഹാഗണി തോട്ടത്തിലേക്ക്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന് കീഴിൽ വരുന്ന സ്ഥലമായതുകൊണ്ട് തന്നെ ചെക്ക്പോസ്റ്റ് കടന്നുവേണം ഇങ്ങോട്ടെത്താൻ. കാണാൻ പോവുന്നത് എന്താണെന്ന് വലിയ ധാരണയൊന്നും ഇല്ലാതെ ഞങ്ങൾ ഉള്ളിൽ പ്രവേശിക്കാനുള്ള ടിക്കറ്റ് എടുത്തു. ഉള്ളിലൂടെ കേറി നടന്നു തുടങ്ങിയപ്പോളാണ് മനസ്സിലായത് കാട്ടിനുള്ളിലൂടെയാണ് നമ്മൾ നടക്കുന്നതെന്ന്. ആകാശം മുട്ടെ തലയുയർത്തി നിൽക്കുന്ന വന്മരങ്ങൾ, ചില മരങ്ങളുടെ വണ്ണം കണ്ട് അതിശയിച്ചു നിന്നുപോയി. ആനയുടെയും മറ്റു വന്യമൃഗങ്ങളുടെയും സഞ്ചാരപാതയിലേക്ക് നമ്മൾ കടക്കാതിരിക്കാൻ നടക്കുന്ന വഴിയിൽ പല ഭാഗത്തും കയർകെട്ടി പ്രവേശനം നിരോധിച്ചിട്ടുണ്ട്. എന്നാലും കാനനപാതയിലൂടെ നടക്കുമ്പോൾ ചെറിയൊരു ഭയവും അതോടൊപ്പം പ്രത്യേക ത്രില്ലും ഉള്ളിലുണ്ടായിരുന്നു.

കാടാണെങ്കിലും നടപ്പാത അവിടുത്തെ ചേച്ചിമാർ അടിച്ചു നല്ല വൃത്തിയാക്കി വെച്ചിട്ടുണ്ട്. സംഭവം കാണാൻ നല്ല നീറ്റാണെങ്കിലും, കാടല്ലേ, അതിനെ അതിന്റെ സ്വാഭാവികതയിൽ ഇലകളും കായ്കളുമായി വിടുന്നതല്ലേ കൂടുതൽ ഭംഗി എന്ന് തോന്നി. കാട്ടിനുള്ളിലെ മഴവെള്ളപ്പാച്ചിലിൽ കടപുഴുകിയ മരങ്ങളും അവയുടെ ഭീമാകാരമായ വേരുകളും മണ്ണ് ഒലിച്ചുപോയി രൂപപ്പെട്ട വൻ ഗർത്തങ്ങളും അങ്ങനെ ഒരുപാട് കാഴ്ച്ചകൾ ഉണ്ടായിരുന്നു അവിടെ കാണാൻ. കാഴ്ചകൾ കണ്ടെത്തുന്നവർക്ക് വിശ്രമിക്കാനുള്ള സ്ഥലവും ഊഞ്ഞാലും ഉള്ളിൽ ഒരുക്കിയിട്ടുണ്ട്. നടന്ന് നടന്ന് അവസാനം മുന്നിലൊരു പുഴ ശാന്തമായി ഒഴുകുന്നത് നമുക്ക് കാണാം. അത് പെരിയാർ ആണെന്ന് പിന്നീടാണ് മനസ്സിലായത്.

മഴക്കാലം ആയതുകൊണ്ട് പുഴയിലേക്ക് ആളുകൾ ഇറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. അങ്ങനെ പ്രകൃതിഭംഗി ആസ്വദിച്ചു നിൽക്കുമ്പോഴാണ് അവിടുത്തെ ഗാർഡ് പറയുന്നത്, അപ്പുറത്തെ കരയിൽ ആന ഇറങ്ങിയിട്ടുണ്ട്, അതിനെ ഓടിക്കാനായി തോട്ട പൊട്ടിക്കും. ആ സമയത്ത് ആന എങ്ങോട്ടാണ് വരുന്നത് എന്ന് അറിയാത്തതുകൊണ്ട് ആരും ഇപ്പോൾ തിരിച്ചുപോവരുത്, ഇവിടെ കരയിൽ തന്നെ നിൽക്കണം എന്ന് പറഞ്ഞു. ഇനിയിപ്പോ ആന ഓടിവന്നാൽ എന്തുചെയ്യും, എങ്ങോട്ട് ഓടും എന്നതൊക്കെയായിരുന്നു ഞങ്ങളുടെ സംസാരം. കുറച്ചുകഴിഞ്ഞ് തോട്ട പൊട്ടിക്കുന്ന ശബ്ദവും കേട്ടു. കുറച്ച് കഴിഞ്ഞ് ആ ആന കാട്ടിലേക്ക് കയറിപ്പോയി എന്ന അറിയിപ്പ് കിട്ടിയ ശേഷമാണ് അവിടുന്ന് ഇറങ്ങാനുള്ള അനുമതി കിട്ടിയത്. എന്തായാലും ആദ്യത്തെ കാടനുഭവം അടിപൊളിയായി.

മലയാറ്റൂർ Aqueduct ആണ് ഇവിടെ പോയ മറ്റൊരു സ്ഥലം. വൈകുന്നേരം അസ്തമയം കണ്ട് നടക്കാൻ പറ്റിയ നല്ലൊരു വ്യൂപോയിന്റ് കൂടിയാണ് ഈ സ്ഥലം. ചുറ്റും പച്ചപ്പും മലകളും കൂടിയാവുമ്പോൾ കാഴ്ചകൾ കൂടുതൽ മനോഹരമാവുന്നു.

എല്ലാവർഷവും ദുഃഖവെള്ളി സമയത്ത് വിശ്വാസികൾ കുരിശും ചുമന്ന് മലകയറാറുണ്ട്. അങ്ങനെയാണ് കുരിശുമല എന്ന പേര് വരുന്നത്. പള്ളിയിലെ പൊന്നിൻ കുരിശ് ആണ് മറ്റു പ്രധാന ആകർഷണം. റോഡിന് ഇരുവശത്തും കുരിശു മുടിയിലേക്ക് കയറുന്ന വഴിയിൽ ചേച്ചിമാർ മെഴുകുതിരികൾ വിൽക്കാനായി നിൽക്കുന്നുണ്ട്. 14 കുരിശിന്റെ വഴി എന്ന് വിളിക്കുന്ന പോയിന്റുകളിൽ വിശ്വാസികൾ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കാറുണ്ട്.

വണ്ടി താഴെ വച്ച് ഞങ്ങളും കുരിശുമുടി കയറിത്തുടങ്ങി. മൊത്തം കല്ലും പാറകളും നിറഞ്ഞ വഴികളാണ് മുന്നിൽ. ജീവിതത്തിലെ പല പ്രശ്നങ്ങളും ആലോചിക്കുമ്പോൾ ഇതൊക്കെ എന്ത് എന്ന് തമാശ പറഞ്ഞു ഞങ്ങൾ കയറ്റം തുടങ്ങി.

മലകയറ്റവും നടക്കാൻ പോവലുമൊക്കെ ഇപ്പോൾ കുറവായതുകൊണ്ട് സ്വാഭാവികമായും ഒരു ക്ഷീണം ഒക്കെയുണ്ട്. അങ്ങനെ ഇച്ചിരി നടക്കുമ്പോൾ വളരെ പ്രായമായ അമ്മമാർ വരെ വളരെ ഇഷ്ടത്തിൽ ഓരോ ചുവടും വെച്ച് മുന്നോട്ട് കയറുന്നത് കണ്ടു, അത് ഞങ്ങൾക്ക് തന്ന മോട്ടിവേഷൻ വലുതായിരുന്നു. വഴിനിറയെ പൂക്കൾ വീഴുന്ന പരവതാനി വിരിച്ച ഇടങ്ങൾ ഉണ്ടായിരുന്നു. ഒരുപാട് ഗുൽമോഹർ പൂക്കളും മഞ്ഞപ്പൂക്കളും ഒക്കെ മണ്ണിൽ വീണുകിടക്കുന്നത് കാണാൻ തന്നെ ചന്തം. എന്റെ ശ്രദ്ധ പൂക്കളിലും അവയുടെ ഫോട്ടോ എടുക്കുന്നതിലും പൂക്കൾ പെറുക്കി ബാഗിൽ വെക്കുന്നതിലും ആയി. യാസി ഈ സമയത്ത് ക്യാമറയിൽ ഫോട്ടോകൾ പകർത്തുന്നുണ്ടായിരുന്നു.

മലയണ്ണാനിനെ ആദ്യമായി കാണുന്നത് ഇവിടെ വച്ചാണ്. ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് എന്താ ഒരു ചാട്ടം. നല്ല രസമുണ്ട് കക്ഷിയെ കാണാൻ. കുറേ കുരങ്ങന്മാരും പേര് അറിയാത്ത കുറെ പക്ഷികളും ഇവിടെയുണ്ട്.

ഓരോ ഇടത്താവളത്തിൽ എത്തുമ്പോഴൊക്കെ ഞാൻ വെള്ളം കുടിക്കാനും വിശ്രമിക്കാനുമായി ഇരിക്കും. വിശക്കാൻ തുടങ്ങിയപ്പോൾ കയ്യിൽ കരുതിയ പഴം എടുത്തു കഴിച്ചു. ഇങ്ങനെ സാവധാനം ആണ് മലകയറുന്നതെങ്കിൽ ഏകദേശം ഒരു മണിക്കൂർ എടുക്കും മുകളിലെത്താൻ. 8 കുരിശിന്റെ വഴി ഉള്ളൂ എന്ന പ്രതീക്ഷയിൽ ആയിരുന്നു മല കയറി തുടങ്ങിയത്. എന്നാൽ 8 കഴിഞ്ഞിട്ടും ഇനിയും ദൂരം ബാക്കിയുണ്ട് എന്ന് കണ്ടപ്പോഴാണ് കൂടെ മലകയറുന്ന ആളുകളോട് ചോദിച്ചത്, അപ്പോൾ അവർ പറഞ്ഞാണ് അറിയുന്നത് 14 പോയിന്റ് ഉണ്ട് കയറാൻ എന്ന്. ഇത്രയൊക്കെ കയറിയ സ്ഥിതിക്ക് മുകളിൽ വരെ പോകാതെ തിരിച്ചിറങ്ങുന്നത് ശരിയല്ലല്ലോ, പോരാത്തേന് എന്നെക്കാൾ ശാരീരിക ബുദ്ധിമുട്ടുള്ളവർ എത്ര പേരാ മല കയറുന്നേ. തളർന്നു പിന്മാറാൻ ഞാൻ ഒരുക്കമല്ലായിരുന്നു. വലിഞ്ഞ് കയറാൻ തന്നെ തീരുമാനിച്ചു.

മുകളിലെത്തിയപ്പോൾ മരം കൊണ്ടുണ്ടാക്കിയ വലിയ കുരിശൊക്കെ അവിടെ ചാരി വെച്ചിരിക്കുന്നത് കണ്ടു. പൊന്നിൻ കുരിശുള്ള കപ്പേളയും പഴയ കപ്പേളയും മുകളിൽ കാണാം. മുകളിലുള്ള പള്ളിയുടെ പുറകുവശത്തു നിന്നുമുള്ള കാഴ്ച വളരെ മനോഹരമാണ്. ഉയരത്തിൽനിന്ന് നോക്കുമ്പോൾ അപ്പുറം ഒരുപാട് മലനിരകൾ, കാടുകൾ എല്ലാം ഭംഗിയിൽ കാണാം. അവിടെ പുറകിലായി തോമാശ്ലീഹായുടെ കാൽപാദം പതിഞ്ഞെന്ന് വിശ്വസിക്കപ്പെടുന്ന കരിങ്കല്ല് കാണാം. അവിടെ ഇങ്ങനെ നിൽക്കുമ്പോൾ പെട്ടെന്ന് മഴ പെയ്തു, ചാറ്റൽ മഴ. കേറി നിൽക്കാൻ ഇടം ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു. കുറച്ചു കഴിഞ്ഞ് മഴ അപ്രത്യക്ഷമായി. അപ്പോൾ യാസിയാണ് അത് കാണിച്ചുതന്നത്, അങ്ങ് ദൂരെ മലമുകളിൽ മഴ പെയ്യുന്നു. ആദ്യമായാണ് മേഘത്തിൽ നിന്നും മഴ പെയ്യുന്നത് ഇത്ര ഭംഗിയോടെ കാണുന്നത്. മഴപ്പെയ്ത്ത് പ്രത്യേകരസം തന്നെ.

പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഇങ്ങനെ മഴ പെയ്യുന്നത് കണ്ടിരുന്നേൽ ആകാശത്തുനിന്ന് എങ്ങനെയാ മഴ പെയ്യുന്നെ എന്ന കൺഫ്യൂഷൻ മാറി കിട്ടിയേനെ. കുട്ടികളുടെ പഠനയാത്രയിൽ ഇത്തരത്തിൽ കാട് അനുഭവങ്ങൾ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും എന്ന് തോന്നി. അവിടെനിന്നും നോക്കിയാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും വളരെ വിദൂരമായി കാണാം, മനോഹരമായ കാഴ്ച.

കാഴ്ച്ചകൾ കണ്ട് ഞങ്ങൾ പതുക്കെ മലയിറങ്ങാൻ തുടങ്ങി. മഴ പെയ്തതിനാൽ ചളിയായിട്ടുണ്ട്. പാറകളിൽ ചവിട്ടുമ്പോൾ സൂക്ഷിക്കണം. വരുന്ന വഴിക്കും കുറെ പക്ഷികളുടെ മധുര ശബ്ദം കേട്ടു. ചിലർ നമ്മുടെ വിളികൾക്ക് ഉത്തരം നൽകുന്നുണ്ടായിരുന്നു.

മലയിറങ്ങി താഴെ എത്തിയപ്പോഴേക്കും നല്ല വിശപ്പും കൂടെയിറങ്ങിവന്നു. യാത്രയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായും, വീട്ടീന്ന് ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്ന് യാത്രയിൽ കഴിക്കുന്നത് ഇഷ്ടമായതുകൊണ്ടും ഇപ്രാവശ്യം നല്ല പത്തിരിയും കറിയും എടുത്തിരുന്നു. ഇച്ചിരി കൂടെ ആർഭാടമാക്കാൻ ഫ്ലാസ്ക് കുപ്പിയിൽ കട്ടൻ ചായയും. ആഹാ അന്തസ്സ്!

ഇരിക്കാൻ പറ്റിയ ഇടങ്ങൾ നോക്കി അവസാനം നക്ഷത്ര തടാകത്തിന്റെ ഒരു കടവിൽ സ്റ്റെപ്പിലിരുന്ന് ചോറ് പാത്രത്തിൽ പത്തിരി പങ്കുവച്ചു കഴിക്കുമ്പോൾ ആരൊക്കെയോ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. നല്ല വിശപ്പ് ആയതുകൊണ്ട് ഞങ്ങളുടെ ശ്രദ്ധ മൊത്തം ഭക്ഷണത്തിൽ ആയിരുന്നു. കൊണ്ടുപോയ ഫുഡ് വേസ്റ്റ് അടക്കം എല്ലാം പൊതിഞ്ഞ് ഭദ്രമായി വീട്ടിലേക്ക് തന്നെ കൊണ്ടുവന്നു. പ്ലാസ്റ്റിക് സാധനങ്ങൾ, അതിപ്പോ കുപ്പിയോ ചോക്ലേറ്റ് കവറോ എന്തുമായിക്കോട്ടെ, അലക്ഷ്യമായി ഇടാതിരിക്കുക എന്നത് വളരെ മുമ്പേ എടുത്ത തീരുമാനമാണ്. യാത്ര ചെയ്യുന്ന മിക്ക ഇടങ്ങളിലും വേസ്റ്റ് ബിൻ ഇല്ലാത്തതുകൊണ്ട് നമ്മൾ വേസ്റ്റ് വീട്ടിലേക്ക് കൊണ്ടുവരികയോ ബിൻ കാണുകയാണെങ്കിൽ അവിടെ നിക്ഷേപിക്കുകയോ ആണ് ചെയ്യാറ്. യാത്ര ചെയ്യുന്ന എല്ലാവരും ഇങ്ങനെ ചെയ്താൽ എത്ര നന്നായേനെ.

അങ്ങനെ മനസ്സും വയറും നിറഞ്ഞു മനസ്സമാധാനത്തോടെ തിരിച്ചു വീട്ടിലേക്ക്, ഇനിയും മടങ്ങി വരും എന്ന് സഞ്ചാരികളുടെ മനം മയക്കുന്ന മലയാറ്റൂരിനോട് മന്ത്രിച്ച് കൊണ്ട്.

Leave a Reply

Your email address will not be published. Required fields are marked *