മെസി ഇന്റർ മയാമി വിടുന്നു? പഴയ ക്ലബ്ബിലേക്ക് തിരികെ എത്താൻ താരം
അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇൻർ മയാമി വിടാനൊരുങ്ങി അർജന്റീനയുടെ ഇതിഹാസം ലയണൽ മെസി. ഈ സീസണിനൊടുവിൽ താരം ക്ലബ്ബ് വിടുമെന്നാണ് റിപ്പോർട്ട്. 2025 വരെയാണ് ഇന്റർ മയാമിയുമായുള്ള മെസിയുടെ കരാർ. പിഎസ്ജിയിൽ നിന്നാണ് മെസി ഇന്റർ മയാമിയിലെത്തിയത്. മെസി മയാമി വിടുന്നതോടെ താരം ഇനി എങ്ങോട്ടാണെന്നാണ് ആരാധകരുടെ ആകാംഷ.Messi
മെസിയുടെ കീഴിൽ മയാമി വൻ മുന്നേറ്റമായിരുന്നു നടത്തിക്കൊണ്ടുവന്നിരുന്നത്. മയാമിക്ക് നേടാൻ കഴിയാതിരുന്ന ലീഗ് കപ്പ് മെസിക്ക് കീഴിൽ ടീം സ്വന്തമാക്കിയിരുന്നു. മയാമിക്ക് ആദ്യ ലീഗ് കപ്പ് നേടി കൊടുത്ത താരം പടിയിറങ്ങുന്നതോടെ ടീമിൽ ആത്മവിശ്വാസം നഷ്ടപ്പെടുമോ എന്നതും ചോദ്യം തന്നെ. അതേസമയം മെസി ഇനി എങ്ങോട്ട് എന്ന ചോദ്യത്തിനും ഏകദേശം ഉത്തരം എത്തിയിരിക്കുകയാണ്.
ബാല്യകാല ക്ലബായ ന്യുവെൽസ് ഓൾഡ് ബോയ്സിലേക്കാണ് മെസി മടങ്ങുക. മെസി അർജന്റൈൻ ക്ലബിലേക്ക് തിരിച്ചെത്തുമെന്ന് നേരത്തേയും വാർത്തകളുണ്ടായിരുന്നു. ന്യുവെൽസ് ഓൾഡ് ബോയ്സ് ജേഴ്സിയിൽ മെസി വിരമിച്ചേക്കാനാണ് സാധ്യത. മെസിയുമായുള്ള കരാർ ബാഴ്സ റദ്ദാക്കിയപ്പോൾ മെസി തിരിച്ചെത്തണമെന്ന് ആവശ്യപ്പെട്ട് ന്യുവെൽസ് ആരാധകർ പ്രതിഷേധിച്ചിരുന്നു. ന്യുവെൽസിലേക്ക് മടങ്ങാൻ മെസി നേരത്തെയും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2016ലെ അഭിമുഖത്തിൽ ന്യൂവെൽസിനായി ജേഴ്‌സി അണിയുമെന്ന് താരം വ്യക്തമാക്കിയിരുന്നു.
1995 മുതൽ 2000 വരെ ന്യൂവെൽസിലിന് വേണ്ടിയാണ് മെസി കളിച്ചിരുന്നത്. മയാമിയുമായുള്ള കരാർ അവസാനിക്കുന്നതോടെ പ്രിയപ്പെട്ട ക്ലബ്ബിലേക്ക് മെസി മടങ്ങിയെത്തുമെന്നാണ് റിപ്പോർട്ട്. മയാമിയുടെ അടുത്ത മത്സരം സെപ്റ്റംബർ 29നാണ്. ഇതിനായുള്ള തായാറെടുപ്പിലാണ് മെസി ഇപ്പോൾ. 30 മത്സരത്തിൽ നിന്ന് 19 ജയവും ഏഴ് സമനിലയും നാല് തോൽവിയുമായി ഇന്റർ മയാമി 64 പൊയിന്റോടെ ഒന്നാം സ്ഥാനത്താണ്.