കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനിലോറി മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു, ക്ലീനർക്കായി തിരച്ചിൽ ഊർജിതം

മലപ്പുറം: കരിങ്കൽ ക്വാറിയിലേക്ക് മിനി ലോറി മറിഞ്ഞ് അപകടം. ഉച്ചക്ക് രണ്ടു മണിയോടെ മലപ്പുറം ആതവനാടാണ് സംഭവം. നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്ന മിനിലോറിയാണ് നിയന്ത്രണംവിട്ട് 60 അടി താഴ്ചയിലുള്ള വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്.
അപകടത്തിന് പിന്നാലെ ലോറിയിൽ നിന്ന് ഡ്രൈവർ ജാഫറിനെ രക്ഷപ്പെടുത്തി. കുടുങ്ങികിടക്കുന്ന ക്ലീനർ മുസ്തഫയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. തിരൂരിൽ നിന്നുള്ള അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരുമാണ് സ്ഥലത്തുള്ളത്.
മറിഞ്ഞ ലോറി പൂർണമായി ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങിപ്പോയിട്ടുണ്ട്. ലോറിയുടെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ക്വാറിയിലെ വെള്ളക്കെട്ടിൽ മാലിന്യവും പ്ലാസ്റ്റിക്കും നിറഞ്ഞു കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്താനാണ് ശ്രമം നടക്കുന്നത്.
