‘മന്ത്രി സജി ചെറിയാന് മലപ്പുറത്തെ കുറിച്ചറിയില്ല, നാക്കുപിഴയല്ല അവഹേളനം’; വിമർശനം കടുപ്പിച്ച് എ.പി. സ്മിജി
മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിനെതിരെ വിമർശനം കടുപ്പിച്ച് മലപ്പുറം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.പി. സ്മിജി. മലപ്പുറത്തിന്‍റെ മതസൗഹാർദത്തെ കുറിച്ച് യാതൊരു അറിവും ഇല്ലാതെയാണ് മന്ത്രി സജി ചെറിയാൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് എ.പി. സ്മിജി കുറ്റപ്പെടുത്തി. ഒരു കമ്യൂണിസ്റ്റ് പാർട്ടി നേതാവിൽ നിന്നാണ് ഇത്തരത്തിൽ പരാമർശം നടത്തുന്നതെന്ന് നമ്മൾ ഓർക്കണം. ജില്ലയെ അപമാനിക്കുന്ന തരത്തിലാണ് മന്ത്രി സംസാരിച്ചതെന്നും സ്മിജി വ്യക്തമാക്കി.
മമ്പുറം നേർച്ചയും തിരുനാവായ കുംഭമേളയും നടക്കുന്നത് മലപ്പുറം ജില്ലയിലാണ്. മന്ത്രിയിൽ നിന്നുണ്ടായത് നാക്കുപിഴയല്ല. കാസർകോടും മലപ്പുറമെന്നും വ്യക്തമായി മന്ത്രിയുടെ പരാമർശത്തിലുണ്ട്. ഏത് പട്ടിക പ്രകാരമാണ് അദ്ദേഹം സംസാരിച്ചതെന്നും അറിയില്ല. മലപ്പുറം ജില്ല പഞ്ചായത്ത് ഉപാധ്യക്ഷയായ സ്മിജിയെയും വഴിക്കടവിൽ നിന്നുള്ള ജോഷ്മി തോമസ്, ആരതി പ്രദീപ്, തേഞ്ഞിപ്പലത്തിലെ ഷാജി പാച്ചേരി അടക്കമുള്ളവരെ മന്ത്രി കണ്ടുകാണില്ല.
മലപ്പുറം ജില്ലയോടുള്ള അവഹേളനമാണ് മന്ത്രിയിൽ നിന്ന് ഉണ്ടായത്. ലീഗിനെതിരായ ആരോപണത്തിന് പാണക്കാട് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മറുപടി പറഞ്ഞിട്ടുണ്ട്. മുസ് ലിംകൾ തിങ്ങിപ്പാർക്കുന്നത് കൊണ്ടായിരിക്കാം മലപ്പുറം ജില്ലയെ തീവ്രവാദത്തിലേക്ക് കൊണ്ടു പോകുന്നതെന്നും എ.പി. സ്മിജി മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി എ.പി. സ്മിജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സി.പി.എമ്മിൽ നിന്ന് ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയാനാണോ സജി ചെറിയാൻ ഇത്തരത്തിലുള്ള മുസ്‍ലിം വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതെന്നും സ്മിജി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഇത്തരം മുറിവൈദ്യം കൊണ്ടൊന്നും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമല്ല സി.പി.എമ്മിനെ ബാധിച്ചിട്ടുള്ളതെന്നും സ്മിജി ചൂണ്ടിക്കാട്ടി.
എ.പി. സ്മിജിയുടെ ഫേസ്ബുക്ക് കുറിപ്പ്:
സി.പി.എമ്മിൽ നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയാനാണോ സജി ചെറിയാൻ മുസ്ലിം വിരുദ്ധ പ്രസ്താവന നടത്തുന്നത് എന്ന് തോന്നിപ്പോവുന്നു..
ബഹുമാനപ്പെട്ട സജി ചെറിയാൻ,
ഇത്തരം മുറിവൈദ്യം കൊണ്ടൊന്നും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമല്ല സി.പി.എമ്മിനെ ബാധിച്ചിട്ടുള്ളത്..
തദ്ദേശ തെരഞെടുപ്പിന് ശേഷവും അത് മനസ്സിലാവാത്തത് താങ്കളുടെ അടിമ മനസ്സിന്റെ കുഴപ്പമാണ്..
പിന്നെ,
മുസ്ലിം ലീഗിനുമേലുള്ള നിങ്ങളുടെ വർഗീയത ആരോപണം വെറും പൂരപ്പറമ്പിലെ സീസൺ കച്ചവടം പോലെയാണ്.
തരാ തരം മുസ്ലിം ലീഗിനെ വിമർശിച്ച് താങ്കളെ പോലുള്ളവർ പറഞ്ഞു കൊണ്ടേയിരിക്കുക..
ഞങ്ങളെ മലപ്പുറം ഭാഷയിൽ പറഞ്ഞാൽ
അതൊക്കെ ഓത്തിച്ചാലിലെ അഴുക്കു വെള്ളം പോലെ ഒഴുകിപ്പോഴും അതൊന്നും ആരും ഗൗനിക്കില്ല,
ഞാൻ പറയുന്നത്
വെറും വാക്കല്ല,
തലമുറകളിലൂടെ ഞങ്ങൾ അനുഭവിച്ച ജീവിത യാഥാർത്ഥ്യമാണ് മുസ്ലിം ലീഗിന്റെ മതേതരത്വം..
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ജനറൽ സീറ്റായ വൈസ് പ്രസിഡണ്ട് പദവിയിൽ ഇരുന്നു കൊണ്ട് അഭിമാനത്തോടെ ഞാൻ പറയുന്നു:
ബഹുമാനപ്പെട്ട സജി ചെറിയാൻ,
താങ്കളുടെ വാക്ക്
വെറും ഓത്തിച്ചാലിലെ അഴുക്കു വെള്ളം മാത്രം..
അത് ഒഴുകി വന്ന താങ്കളുടെ ഹൃദയത്തെ ശുദ്ധീകരിക്കണം,
ഇല്ലെങ്കിൽ വൈകാതെ മതേതര കേരളം താങ്കൾക്കുള്ള ചികിത്സാ കുറിപ്പടി എഴുതിത്തരും..
മലപ്പുറം ജില്ലാ പഞ്ചായത്ത് യുഡിഎഫ് ക്യാൻഡിഡേറ്റ് ലിസ്റ്റ് കണ്ണട വെച്ച് നോക്കുന്നത് നന്നാവും അപ്പോഴേ കണ്ണാത്തത് കണ്ണൂ……. കണ്ടിട്ടും കണ്ണാത്തത് പോലെ നടിക്കുന്നവർക്ക് ഇവിടെ മരുന്നില്ല…….. അവർ വർഗ്ഗീയത പറഞ്ഞു നടക്കും.
