ആലപ്പുഴയിൽ കാണാതായ യുവതിയെ കൊന്നുകുഴിച്ചുമൂടി; 18 വർഷത്തിന് ശേഷം പൊലീസിന് രഹസ്യവിവരം

Missing young woman killed and buried in Alappuzha; Secret information to police after 18 years

 

ആലപ്പുഴ: 18 വർഷം മുൻപ് ആലപ്പുഴ മാന്നാറിൽ നിന്ന് കാണാതായ യുവതിയെ കൊന്ന് കുഴിച്ചു മൂടിയതായി സംശയം. 20 വയസ് ഉണ്ടായിരുന്ന കല എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയെന്നാണ് സംശയം. സംഭവത്തിൽ നാല് പേർ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സ്ഥലത്ത് പരിശോധന നടത്താനാണ് പൊലീസിന്റെ നീക്കം.

ആലപ്പുഴ ജില്ലാ മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പതിനെട്ട് വർഷം മുൻപ് നടന്ന സംഭവം വീണ്ടും അന്വേഷണത്തിലേക്കെത്തുന്നത്. രഹസ്യമായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കലയുടേത് കൊലപാതകമാണെന്ന് കണ്ടെത്തുകയായിരുന്നു. കലയുടെ ഭർത്താവ് അജിത്ത് കുമാറാണ് ആദ്യം പിടിയിലാകുന്നത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ ഉടൻ തന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളുടെ സുഹൃത്തുക്കളായ നാലുപേരും പിന്നാലെ പിടിയിലായി. കലയെ സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടുവെന്നാണ് ഇവരെ ചോദ്യംചെയ്തതിൽ നിന്ന് പൊലീസിന് ലഭിച്ച മൊഴി. അജിത്ത് കുമാറും കലയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ഇവർക്കൊരു കുട്ടിയുമുണ്ട്. 18 വർഷങ്ങൾക്ക് മുൻപ് കലയെ കാണാതായെന്ന പരാതിയാണ് പൊലീസിന് മുന്നിലെത്തിയത്. എന്നാൽ, ഏറെ നാൾ അന്വേഷിച്ചിട്ടും യുവതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ കേസ് അവസാനിപ്പിക്കുകയായിരുന്നു.

നിർണായക വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പിടിയിലായത് ഭർത്താവടക്കം നാലുപേർ. സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധിക്കാനുള്ള ക്രമീകരണങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. പരിശോധനക്കൊടുവിൽ കൃത്യം നടത്തിയത് എന്തിന് വേണ്ടി എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമാകുമെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *