മോയിൻകുട്ടി സാഹിബിനെ കെ.എം.സി.സി. ഖത്തർ തിരുവമ്പാടി മണ്ഡലം കമ്മറ്റി അനുസ്മരിച്ചു.
ദോഹ : മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ വിടപറഞ്ഞ സി.മോയിൻകുട്ടി സാഹിബിനെ കെ.എം.സി.സി. ഖത്തർ തിരുവമ്പാടി മണ്ഡലം കമ്മറ്റി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് അനുസ്മരണം സംഘടിപ്പിച്ചത്. കെ.എം.സി.സി. മിനി ഓഡിറ്റോറിയം നിറഞ്ഞ സദസ്സിലായിരുന്നു ഹരിതാഭം2023. കെ.എം.സി.സിയുടെ പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് ഹരിതാഭം ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മണ്ഡലം കമ്മറ്റി മോയിൻകുട്ടി സാഹിബിനെ ഓർക്കാൻ അവസരമുണ്ടാക്കിയതിനെ പ്രസിഡണ്ട് അഭിനന്ദിച്ചു.
മണ്ഡലം സീനിയർ വൈസ് പ്രസിഡണ്ട് പി.എം.മുജീബുറഹ്മാൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡണ്ടും മോയിൻകുട്ടി സാഹിബിനോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുകയും ചെയ്ത ഇ.എ.നാസറിന്റെ അനുസ്മരണ പ്രഭാഷണം മോയിൻകുട്ടി സാഹിബിന്റെ പൊതുജീവിതം വരച്ചുകാട്ടുന്നതായിരുന്നു. പാർട്ടി പ്രവർത്തകരുടെ അഭിമാനത്തിനും പാർട്ടിയുടെ അന്തസ്സിനും മൂല്യം കൽപ്പിച്ച നേതാവായിരുന്നു മോയിൻകുട്ടി സാഹിബെന്ന് പ്രഭാഷണത്തിൽ എടുത്തു പറഞ്ഞു. മതേതരത്ത്വത്തിന്റെ ഉത്തമ മാതൃകയായിരുന്നു.
ആശംസാ പ്രസംഗം നിർവ്വഹിച്ച സംസ്ഥാന ജനറൽ സെക്രട്ടരി സലീം നാലകത്തും ഉപദേശക സമിതി വൈസ് ചെയർമാൻ അബ്ദുന്നാസർ നാച്ചിയും മോയിൻകുട്ടിയെ ഓർത്തെടുത്തു. ജില്ലാ പ്രസിഡണ്ട് ടി.ടി.കുഞ്ഞമ്മദ്, സെക്രട്ടരി ഒ.പി.സാലിഹ്, അൽഇഹ്സാൻ വൈസ് ചെയർമാൻ മെഹബൂബ് നാലകത്ത് സംസാരിച്ചു.
മാപ്പിളപ്പാട്ട് ഗായകനായും പ്രചാരകനായും അഞ്ച് പതിറ്റാണ്ട് പിന്നിട്ട സി.വി.എ.കുട്ടി ചെറുവാടിക്കും അദ്ദേഹത്തിന്റെ മകളും ഗായികയുമായ അമീന സുൽത്താനക്കും സ്വീകരണം നൽകി. ഇരുവർക്കും മണ്ഡലം പ്രസിഡണ്ട് ഇ.എ.നാസർ ഉപഹാരം നൽകി. പ്രവാസം അവസാനിപ്പിക്കുന്ന മണ്ഡലം വൈസ് പ്രസിഡണ്ട് വി.എൻ. യൂസുഫിന് ജനറൽ സെക്രട്ടരി ടി.പി.അബ്ബാസും പുതുപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് സമീർ വള്ളിയാടും ഉപഹാരങ്ങൾ നൽകി. കെ.എം.സി.സി. മയ്യിത്ത് പരിപാലനക്കമ്മറ്റി അംഗമായിരുന്ന യൂസുഫിന് അൽഇഹ്സാൻ കമ്മറ്റിയുടെ ഉപഹാരവും ചടങ്ങിൽ വെച്ച് ഭാരവാഹികൾ കൈമാറി.
രചയിതാവ് ഹസ്സൻ നെടിയനാട് എഴുതിയ മോയിൻകുട്ടി സാഹിബ് അനുസ്മരണ ഗാനം അമീന സുൽത്താന ആലപിച്ചു. അമീന സുൽത്താനയുടെ ഗസലും മാപ്പിളപ്പാട്ടും സദസ്സ് ഹർഷാരവങ്ങളോടെ സ്വീകരിച്ചു. സി.വി. എ. കുട്ടി സി.എച്ചിനെപ്പറ്റിയും പാടി. സംസ്ഥാന വൈസ് പ്രസിഡണ്ട് അൻവർ ബാബു വടകരയും മണ്ഡലം ജനറൽ സെക്രട്ടരി ടി.പി.അബ്ബാസും പാട്ടുപാടി സദസ്സിനെ കയ്യിലെടുത്തു. സംസ്ഥാന ഭാരവാഹികളായ ടി.ടി.കെ. ബഷീർ, അബൂബക്കർ പുതുക്കുടി, അഷറഫ് ആറളം, താഹിർ താഹക്കുട്ടി, സൽമാൻ എളയടം, ഫൈസൽ കേളോത്ത്, ജില്ലാ ഭാരവാഹികളായ അജ്മൽ തെങ്ങലക്കണ്ടി, കെ.കെ. ബഷീർ, നവാസ് കോട്ടക്കൽ, റുബിനാസ് കൊട്ടേടത്ത് തുടങ്ങിയവരുടെ സാന്നിധ്യം സ്മരണീയമാണ്. നവാസ് പുത്തലത്ത് പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടരി ടി.പി.അബ്ബാസ് സ്വാഗതവും സെക്രട്ടരി ഹനീഫ തൂങ്ങുംപുറം നന്ദിയും പറഞ്ഞു. Moinkutty Sahib Commemoration by K.M.C.C. Qatar Thiruvambadi Mandal Committee