എം.ആര്. അജിത്കുമാറിനെ ബെവ്കോ സി.എം.ഡി ആയി നിയമിച്ചു
എം.ആര്. അജിത് കുമാർ
തിരുവനന്തപുരം: സി.എ.ടി ഉത്തരവിനെ തുടർന്ന് എക്സൈസ് കമീഷണർ സ്ഥാനത്തുനിന്ന് മാറ്റിയ എ.ഡി.ജി.പി എം.ആര്. അജിത് കുമാറിനെ ബിവറേജസ് കോർപറേഷൻ (ബെവ്കോ) ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായി (സി.എം.ഡി) നിയമിച്ചു. ബെവ്കോ എം.ഡിയായിരുന്ന ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയെ ട്രാഫിക് ഐ.ജിയായി മാറ്റിനിയമിച്ചു.
എക്സൈസ് കമീഷണര്‍, ബെവ്കോ ചെയര്മാൻ എന്നീ പദവികള്‍ വഹിക്കുകയായിരുന്ന അജിത് കുമാറിനെ കഴിഞ്ഞ ദിവസമാണ് എക്സൈസ് കമീഷണര്‍ പദവിയില്‍നിന്ന് നീക്കി ബെവ്കോ ചെയർമാനായി നിലനിർത്തിയത്. അതിന് പിന്നാലെയാണ് മാനേജിങ് ഡയറക്ടറുടെ ചുമതലകൂടി നൽകി ഉത്തരവ് പുറപ്പെടുവിച്ചത്.
അർഹതപ്പെട്ട കേഡര്‍ തസ്തികകളിൽ ഐ.എ.എസുകാരല്ലാത്തവരെ നിയമിക്കരുതെന്നാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂനലിന്റെ ഉത്തരവ്. അത് നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യമാകുമെന്ന വിലയിരുത്തലിലാണ് എക്സൈസ് കമീഷണറുടെ കാര്യത്തിൽ സര്‍ക്കാർ തീരുമാനമെടുത്തത്.
