മൂന്നാര്‍ എക്കോ പോയിന്റില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് മരണം
ഇടുക്കി: മൂന്നാർ എക്കോ പോയിൻ്റിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വിദ്യാർഥി കൂടി മരിച്ചു. ഇതോടെ മരണം മൂന്നായി. ഗുരുതരമായി പരിക്കേറ്റ സുതൻ (19) എന്ന വിദ്യാർഥിയാണ് മരിച്ചത്. തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്ന വഴിയായിരുന്നു മരണം.
നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിലെ ബിഎസ്സി കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളായ ആദിക (19), വേണിക (19) എന്നീ വിദ്യാർഥികളുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജിലെ വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. കുണ്ടള ഡാം സന്ദർശിയ്ക്കാൻ പോകുന്നതിനിടെ ബസ് എക്കോ പോയിന്റിന് സമീപം വളവിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 40 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റുള്ളവർ മൂന്നാർ ടാറ്റ ആശുപത്രിയിൽ ചികിൽസയിലാണ്.