സംഗീത സംവിധായകന്‍ മോഹൻ സിത്താര ബിജെപിയിൽ
തൃശൂർ: സംഗീത സംവിധായകന്‍ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു. തൃശൂരിൽ നടന്ന ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.കെ അനീഷ്‌കുമാർ ആണ് പാർട്ടി അംഗത്വം നല്‍കിയത്. ജില്ലാതല മെമ്പർഷിപ്പ് കാംപയിനു തുടക്കം കുറിച്ചായിരുന്നു ചടങ്ങ് നടന്നത്.BJP
മൂന്നര പതിറ്റാണ്ടായി മലയാള സിനിമയില്‍ പശ്ചാത്തല സംഗീത-സംഗീത സംവിധാന രംഗത്ത് സജീവമാണ് മോഹൻ സിത്താര. 1986ൽ രഘുനാഥ് പാലേരി ചിത്രം ‘ഒന്നു മുതൽ പൂജ്യം വരെ’യിലൂടെയായിരുന്നു അരങ്ങേറ്റം കുറിച്ചത്. ചാണക്യൻ, ഹിസ് ഹൈനസ് അബ്ദുല്ല, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കാവടിയാട്ടം, ദാദാ സാഹിബ്, ജോക്കർ, വെള്ളരിപ്രാവിന്റെ ചങ്ങാതി, സൂഫി പറഞ്ഞ കഥ, ഭ്രമരം, രാക്ഷസരാജാവ്, ദാദാ സാഹിബ്, വല്യേട്ടൻ, തന്മാത്ര തുടങ്ങി നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതമൊരുക്കി. 700ലേറെ ഗാനങ്ങൾക്ക് ഈണം നൽകുകയും ചെയ്തിട്ടുണ്ട്.
അതേസമയം, ബിജെപിയിൽ ചേർന്നതിനെ കുറിച്ച് മോഹൻ സിത്താര പ്രതികരിച്ചിട്ടില്ല. മോഹൻ സിത്താരയ്ക്കു സ്വീകരണം നൽകിയ ചടങ്ങിൽ ബിജെപി തൃശൂർ മണ്ഡലം പ്രസിഡന്‍റ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മിറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും പങ്കെടുത്തു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപി അംഗത്വ കാംപയിനിന് തുടക്കമിട്ടത്. ഒക്ടോബർ 15 വരെയാണ് കാംപയിൻ നടക്കുന്നത്. തൃശൂർ ജില്ലയിൽ ഏഴുലക്ഷം പേരെ അംഗങ്ങളാക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.