മുസ്തഫൽ ഫൈസിയെ സമസ്ത മുശാവറയിൽ നിന്ന് സസ്പെൻഡ് ചെയ്തു; വിശദീകരണം തേടാതെ നടപടിയെടുത്തതിൽ പ്രതിഷേധം
കോഴിക്കോട്: സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ അടക്കമുള്ളവരെ വിമർശിച്ചുവെന്ന് ആരോപിച്ച് മുസ്തഫൽ ഫൈസിയെ മുശാവറയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വൈകി വന്നവർ ദിശ നിർണയിക്കുന്ന രീതിയാണ് ഇപ്പോൾ സമസ്തയിൽ ഉള്ളത് എന്നടതടക്കമുള്ള വിമർശനമാണ് ഫൈസി ഉയർത്തിയത്. ഇത് നേതൃത്വത്തിനെതിരായ നീക്കമാണ് എന്ന് ആരോപിച്ചാണ് നടപടി.Samasta Mushavara
അതേസമയം നടപടിക്കെതിരെ മുശാവറയിലെ ഒരു വിഭാഗം നേതാക്കൾ എതിർപ്പുന്നയിച്ചു. വിശദീകരണം തേടാതെ നടപടി പാടില്ല എന്നായിരുന്നു ഇവരുടെ വാദം. കടുത്ത നടപടിയിലേക്ക് പോകേണ്ടതില്ല എന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ ഇത് തള്ളിക്കൊണ്ടായിരുന്നു സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം.
നടപടി ഏകപക്ഷീയമാണ് എന്നാണ് ലീഗ് അനുകൂല വിഭാഗത്തിന്റെ നിലപാട്. ഉമർ ഫൈസിക്കെതിരെ പരാതി ഉയർന്നപ്പോൾ അദ്ദേഹത്തോട് വിശദീകരണം തേടിയിരുന്നു. മുസ്തഫൽ ഫൈസിയോട് വിശദീകരണം തേടാതെയാണ് സസ്പെൻഡ് ചെയ്തത്. മുശാവറ യോഗത്തിന് ശേഷം നടന്ന സമസ്ത നൂറാം വാർഷിക സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗത്തിൽ നിന്ന് സാദിഖലി ശിഹാബ് തങ്ങൾ, ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, എം.സി മായിൻ ഹാജി, യു. ഷാഫി ഹാജി തുടങ്ങിയ നേതാക്കൾ വിട്ടുനിന്നു.