നവീൻ ബാബു മരണം: പെട്രോൾ പമ്പ് ഉടമയ്‌ക്കെതിരെ വിജിലൻസ് മേധാവിക്ക് പരാതി

Naveen Babu

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പെട്രോൾ പമ്പ് ഉടമ ടി.വി പ്രശാന്തനെതിരെ വിജിലൻസ് മേധാവിക്ക് പരാതി. നവീനെതിരെ അഴിമതി ആരോപണം ഉയർത്തി പ്രശാന്തൻ നൽകിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് ആവശ്യം. മരണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പ്രതിചേർത്ത് കേസെടുത്തിട്ടുണ്ട്.Naveen Babu

പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്ന് നേരത്തെ ടി.വി പ്രശാന്തൻ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇദ്ദേഹം മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ആർവൈഎഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു മോഹനാണ് ഇപ്പോൾ ടി.വി പ്രശാന്തനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് മേധാവിക്ക് പരാതി നൽകിയത്. പ്രശാന്തൻ നൽകിയ പരാതിയുടെ നിജസ്ഥിതി അന്വേഷിക്കണം. ഇയാളുടെ വരുമാനത്തെക്കുറിച്ചും അന്വേഷണം വേണം. അഴിമതി നിരോധന നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് സമഗ്രാന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

നവീന്റെ മരണത്തിൽ പി.പി ദിവ്യയ്‌ക്കെതിരെ കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം വി.പി ദുൽഫിഖിൽ ഓംബുഡ്‌സ്മാന് പരാതി നൽകി. കണ്ണൂർ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ ദിവ്യ കോഡ് ഓഫ് കോൺടാക്ട് ലംഘനവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്ന് ആരോപിച്ചാണ് പരാതി. നേരത്തെ നവീന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം റിപ്പോർട്ട് നൽകിയിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കണ്ണൂർ കലക്ടറേറ്റ് ജീവനക്കാരുടെ മൊഴിയടക്കം പൊലീസ് രേഖപ്പെടുത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കേസെടുത്ത സാഹചര്യത്തിൽ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കിയേക്കുമെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *