ദന്ത ചികിത്സക്കിടെ 17കാരിയുടെ ശരീരത്തിനുള്ളിൽ സൂചി കുടുങ്ങി, രക്ഷിതാക്കളെ അറിയിക്കാതെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ; ദന്താശുപത്രിക്കെതിരെ പരാതി

നെടുമങ്ങാട്: ദന്ത ചികിത്സയ്ക്കിടെ സൂചി 17കാരിയുടെ ശരീരത്തിനുള്ളിൽ കുടുങ്ങിയതായി പരാതി. റൂട്ട് കനാൽ ചികിത്സക്കിടെയാണ് ഡോക്ടറുടെ അശ്രദ്ധമൂലം സൂചി വിദ്യാർഥിയുടെ ശരീരത്തിനുള്ളിൽ കുടുങ്ങിയത്. എക്സ്റേയിലും സ്കാനിങ്ങിലും സൂചി ആമാശയത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടിയെ ശസ്ത്രക്രിയക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അരുവിക്കര വട്ടക്കുളം തെക്കനത്ത് മേലെ ലൈൻ ശിവാത്മികയിൽ പി. സീമയുടെ മകൾ പ്ലസ്ടൂ വിദ്യാർഥിനി ദേവിശ്രീക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ 31ന് വൈകിട്ട് അരുവിക്കരയിലെ സ്വകാര്യ ദന്തൽ ക്ലിനിക്കിൽ റൂട്ട് കനാൽ ചികിത്സക്കിടയിലാണ് ഡോക്ടറുടെ കൈയിൽ നിന്നും സൂചി കുട്ടിയുടെ തൊണ്ടയിലൂടെ ആമാശയത്തിലെത്തിയത്.
ഉടനെ രക്ഷാകർത്താവിനെ വിവരം അറിയിക്കാതെ കുട്ടിയെ ബൈക്കിൽ അരുവിക്കരയിലും കരകുളത്തുമുള്ള രണ്ട് സ്വകാര്യ ആശുപത്രികളിൽ എത്തിച്ച് എക്സ്റേ പരിശോധനയും പ്രാഥമിക ശുശ്രൂഷകളും നൽകുകയായിരുന്നു. രക്ഷാകർത്താവ് എത്തിയ ശേഷമാണ് തിരുവനന്തപുരത്തെ പ്രമുഖ ആശുപത്രിയിലേക്ക് മാറ്റിയതെന്നും ചികിത്സപ്പിഴവ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ അരുവിക്കര പൊലീസിനെ സമീപിച്ചിരിക്കുകയാണ്.
എന്നാൽ, ഒരാഴ്ച കഴിഞ്ഞിട്ടും കേസ് രജിസ്റ്റർ ചെയ്യുന്നില്ലെന്നാണ് പരാതി. അതേസമയം, പെൺകുട്ടി സൂചി വിഴുങ്ങുകയായിരുന്നുവെന്ന വിചിത്ര വാദമാണ് അരുവിക്കരയിലെ ദന്തൽ ക്ലിനിക് അധികൃതർ ഉയർത്തുന്നത്. വിശദമായി അന്വേഷിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് അരുവിക്കര പൊലീസ് വ്യക്തമാക്കി.
