നീറാട് മെക് 7 ഹെൽത്ത് ക്ലബ് ഉല്ലാസയാത്ര നടത്തി
നീറാട്: മെക് 7 ഹെൽത്ത് ക്ലബ് നീറാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബേപ്പൂർ- ചാലിയം ഉല്ലാസ യാത്ര സംഘടിപ്പിച്ചു. രാവിലെ 5.15 ന് നീറാട് നിന്നും പുറപ്പെട്ട സംഘാഗങ്ങൾ അശോകൻ തുറക്കലിന്റെ നേതൃത്വത്തിൽ ബേപ്പൂർ ബീച്ചിൽ വെച്ച് വ്യായാമം ചെയ്തു. തുടർന്ന് കടലിൽ കുളിച്ച് ശേഷം പ്രാതലും കഴിച്ച് ചാലിയത്തേക്ക് ബോട്ട് യാത്ര നടത്തി. ചാലിയത്ത് നിന്ന് ജങ്കാറിൽ ബേപ്പൂരിലെത്തുകയും അവിടെ നിന്ന് നാട്ടിലേക്ക് തിരിക്കുകയുമായിരുന്നു. കുട്ടികളും മുതിർന്നവരും അടക്കം ക്ലബ്ബിലെ 60 ഓളം പേർ ഉല്ലാസ യാത്രയിൽ പങ്കു ചേർന്നു.
ആരോഗ്യ അവബോധം ജനങ്ങളിലെത്തിക്കുക, കൃത്യ നിഷ്ഠ, അച്ചടക്കം എന്നിവ സ്വയം ആർജിച്ചെടുക്കുക, പരസ്പരസഹവർത്തിത്വം ശീലിക്കുക തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് ഇത്തരം യാത്രകൾ കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ചീഫ് കോ ഓർഡിനേറ്റർ പാമ്പോടൻ അബു മാസ്റ്റർ പറഞ്ഞു. കുഞ്ഞിക്ക, നാണി നീറാട്, വിജയൻ ടൈലർ, പി ടി ഗംഗാധരൻ, ബാവ മങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.
ദിവസവും അതിരാവിലെ നൂറിലേറെ പേർ ഒത്തുകൂടുന്ന ഒരു വ്യായാമക്കൂട്ടായ്മയാണ് മെക് 7(മൾട്ടിപ്പിൾ എക്സർസൈസ് കോമ്പിനേഷൻ) ഹെൽത്ത് ക്ലബ്. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ക്ലബിന് യൂണിറ്റുകളുണ്ട്. തികച്ചും സൗജന്യമാണ് ഇതിലെ പരിശീലനം.