പുതിയ പാർലമെൻറ് മന്ദിരവും 2026 ലെ പാർലമെൻറ് സീറ്റ് വിഭജനവും
2001ൽ പാർലമെൻറ് സീറ്റുകളുടെ വിഭജനം നടത്താനുള്ള തീരുമാനം ഉണ്ടായിരുന്നെങ്കിലും ജനസംഖ്യ അനുപാതത്തിൽ പുനർനിർണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സീറ്റുകൾ കുറയുമെന്ന് മനസ്സിലാക്കിയപ്പോൾ വീണ്ടും 25 വർഷത്തേക്ക് മണ്ഡലം പുനർനിർണയം നീട്ടിവെച്ചു. ആ 25 വർഷ കാലാവധി 2026 ൽ അവസാനിക്കാൻ പോവുകയാണ്. അതിനു മുന്നോടിയായിട്ടാണ് പുതിയ പാർലമെൻറ് മന്ദിരത്തിന്റെ പണി പെട്ടെന്ന് പൂർത്തീകരിച്ചത്.
സെൻട്രൽ വിസ്ത പ്രോജക്റ്റിന്റെ ഭാഗമായി കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 2020 ഡിസംബർ പത്തിനാണ് 971 കോടി രൂപ ചെലവിൽ പുതിയ പാർലമെൻറ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടക്കുന്നത്. പ്രതിപക്ഷവുമായി കൂടിയാലോചനകൾ ഇല്ലാതെയും പാർലമെൻറിലെ ഭൂരിപക്ഷം ഉപയോഗിച്ചാണ് പ്രധാനമന്ത്രി സെൻട്രൽ വിസ്താ പ്രൊജക്റ്റ് പ്രഖ്യാപിക്കുന്നത്.
ഡൽഹിയിൽ അടക്കം കോവിഡ് കേസുകൾ ഗണ്യമായി വർദ്ധിക്കുകയും ഓക്സിജൻ പോലും ലഭ്യമാവാത്ത അവസ്ഥയിൽ ജനങ്ങൾ സ്വന്തം ജീവൻ നിലനിർത്താൻ നെട്ടോട്ടമോടുന്ന സമയത്താണെന്ന് ഓർക്കണം. പഴയ പാർലമെൻറ് കെട്ടിടത്തിൽ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന ന്യായം സംഘപരിവാർ ഹാൻഡിലുകൾ പറയുമ്പോഴും ഇതിൻറെ ബാക്കിൽ കൃത്യമായ രാഷ്ട്രീയ അജണ്ട ഒളിഞ്ഞു കിടക്കുന്നുണ്ട്.
ആർട്ടിക്കിൾ 81ലാണ് എംപിമാരുടെ എണ്ണത്തെക്കുറിച്ചും അവരുടെ സീറ്റിങ്ങുകളെ കുറിച്ചും പറയുന്നത്. നിലവിൽ 545 ലോക്സഭാ സീറ്റുകളും , 250 രാജ്യസഭാ സീറ്റുകളുമാണ് നിലവിലുള്ളത്.
പുതിയ പാർലമെൻറിലെ ലോക്സഭ ഹാളിൽ 888 അംഗങ്ങൾക്കും , രാജ്യസഭാ ഹാളിൽ 350 അംഗങ്ങൾക്കും ഇരിക്കാനുള്ള സൗകര്യമുണ്ട്.പഴയ പാർലമെൻറ് കെട്ടിടത്തിൽ സൗകര്യങ്ങൾ പരിമിതമാണെന്ന ന്യായം സംഘപരിവാർ ഹാൻഡിലുകൾ പറയുമ്പോഴും യഥാർത്ഥത്തിൽ 2025 ൽ RSS രൂപീകരണത്തിന് 100 വർഷം പൂർത്തിയാകുമ്പോൾ ഇന്ത്യയെ ഒരു ഹിന്ദുത്വ രാഷ്ട്രം ആക്കാൻ ഊറ്റം കൊള്ളുന്ന സവർണ്ണ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ ദീർഘകാലത്തേക്ക് ഇന്ത്യയെ കൈപ്പിടിയിലൊതുക്കാൻ വേണ്ടിയാണ് പുതിയ പാർലമെൻറിൻറെ നിർമ്മാണം അതിവേഗം പൂർത്തീകരിച്ചെതെന്ന് മനസ്സിലാക്കാൻ കഴിയും.
2026ൽ നടക്കാൻ പോകുന്ന ജനസംഖ്യ അടിസ്ഥാനമാക്കിയുള്ള പാർലമെന്റ് സീറ്റുകളുടെ വിഭജനത്തിന് മുന്നോടിയാണ് പുതിയ പാർലമെൻറ് നിർമ്മാണം അതിവേഗം പൂർത്തീകരിച്ചത്. ആർട്ടിക്കിൾ 81 പ്രകാരം 10 വർഷം കൂടുമ്പോൾ ജനസംഖ്യ അനുപാതികമായി പാർലമെൻറ് സീറ്റുകൾ വിഭജിക്കണമെന്നായിരുന്നു.
1971 വരെ പാർലമെൻറ് സീറ്റ് പുനർനിർണയം സാധ്യമായിരുന്നത് ഓരോ പത്തു വർഷം കൂടുമ്പോൾ നടക്കുന്ന ജനസംഖ്യ സെൻസസ് പ്രകാരമായിരുന്നു. എന്നാൽ ജനസംഖ്യ അനുപാതികമായി പാർലമെൻറ് സീറ്റുകളുടെ വിഭജനം അശാസ്ത്രീയമാണെന്ന് കണ്ടെത്തുകയും 1976 മുതൽ 1971 ലെ സെൻസസ് പ്രകാരമുള്ള സീറ്റുകൾ നിലനിർത്തുകയും ചെയ്തു. 1976 മുതൽ 25 വർഷത്തേക്ക് മണ്ഡലം പുനർനിർണയം നിർത്തിവെക്കുകയും ചെയ്തു. അതിനു പകരമായി രാജ്യവ്യാപകമായി ജനസംഖ്യ നിയന്ത്രിക്കാനുള്ള കുടുംബാസൂത്രണ പദ്ധതികൾ സംസ്ഥാന സർക്കാർകളുടെ നേതൃത്വത്തിൽ നടപ്പിലാക്കി.
ജീവിത നിലവാരസൂചികയിലും , വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പ്രത്യേകിച്ച് കേരളവും തമിഴ്നാടും നല്ല രീതിയിൽ കുടുംബാസൂത്രണ പദ്ധതികൾ നടപ്പിലാക്കി. എന്നാൽ ഇന്ത്യയുടെ ഹൃദയഭാഗത്തുള്ള നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളായ യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ എന്നിവിടങ്ങളിൽ കുടുംബാസൂത്രണ പദ്ധതി നടപ്പാക്കുന്നതിൽ വീഴ്ച സംഭവിക്കുകയും അതിൻറെ ഫലമെന്നോണം ജനസംഖ്യയിൽ വലിയ വർദ്ധനവ് സംഭവിക്കുകയും ചെയ്തു. ഇന്ത്യ ലോക ജനസംഖ്യയിൽ ഒന്നാമതെത്താൻ വലിയ കോൺട്രിബ്യൂഷൻ നൽകിയത് ഈ പറഞ്ഞ സംസ്ഥാനങ്ങളാണ്.
2001ൽ പാർലമെൻറ് സീറ്റുകളുടെ വിഭജനം നടത്താനുള്ള തീരുമാനം ഉണ്ടായിരുന്നെങ്കിലും ജനസംഖ്യ അനുപാതത്തിൽ പുനർനിർണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സീറ്റുകൾ കുറയുമെന്ന് മനസ്സിലാക്കിയപ്പോൾ വീണ്ടും 25 വർഷത്തേക്ക് മണ്ഡലം പുനർനിർണയം നീട്ടിവെച്ചു. ആ 25 വർഷ കാലാവധി 2026 ൽ അവസാനിക്കാൻ പോവുകയാണ്. അതിനു മുന്നോടിയായിട്ടാണ് പുതിയ പാർലമെൻറ് മന്ദിരത്തിന്റെ പണി പെട്ടെന്ന് പൂർത്തീകരിച്ചത്.
2026 ൽ മണ്ഡല പുനർനിർണയം വരുന്ന സമയത്ത് യുപിയിൽ മാത്രം 80 മുതൽ 100 ലോക്സഭാ സീറ്റുകൾ വരെ വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. യുപി,മധ്യപ്രദേശ് തുടങ്ങിയ മൂന്നോ നാലോ സംസ്ഥാനങ്ങളിൽ കൂടുതൽ സീറ്റുകൾ നേടുന്ന പാർട്ടി ആയിരിക്കും ഇന്ത്യ ഭരിക്കുക എന്ന് പൊതുവേ പറയാറുണ്ട്.
ആർ.എസ്.എസിനെ ഉപയോഗിച്ച് വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് സെക്കുലർ ലെയറിന് വിള്ളൽ വീഴ്ത്തിയാൽ
ഈ പറഞ്ഞ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം നേടാൻ ബിജെപിക്ക് കഴിയും.2002 ൽ ഗുജറാത്തിൽ മുസ്ലിം വംശഹത്യയിലൂടെ നരേന്ദ്രമോദി അധികാരം നിലനിർത്തിയത് ഇതിൻറെ നേർ സാക്ഷ്യമാണ്.
2014 ൽ ഉത്തർപ്രദേശിലെ മുസാഫർ നഗർ കലാപം മുതൽ ചെറുതും വലുതുമായ നിരവധിയായ വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ചെടുത്തതാണ് 2017 ൽ യോഗി ആദിത്യനാഥ് ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായത്.
പാർലമെൻറ് സീറ്റുകളുടെ വിഭജനം നടക്കുകയാണെങ്കിൽ 2026 നു ശേഷമുള്ള പൊതു തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷവും മറികടന്ന് അഞ്ഞൂറിലധികം സീറ്റുകൾ നേടാൻ ബി.ജെ.പിക്ക് നിഷ്പ്രയാസം സാധിക്കും.
ഈ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനയിൽ ഭേദഗതികൾ നടത്താനും ഇന്ത്യയെ പ്രസിഡൻഷ്യൽ ഭരണത്തിലേക്ക് മാറ്റാൻ സാധിക്കും. ലോക്സഭാ മണ്ഡല പുനർനിർണയത്തെ എതിർക്കുന്നതോടപ്പം 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രാദേശിക രാഷ്ട്രീയ പാർട്ടികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ മഹാസഖ്യം രൂപീകരിക്കേണ്ട ആവശ്യകതയിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.