മലപ്പുറത്ത് നിപ ജാഗ്രത; രണ്ട് പഞ്ചായത്തുകളിൽ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ
മലപ്പുറം: നിപ വൈറസ് ബാധിച്ച് വണ്ടൂർ സ്വദേശിയായ 24കാരൻ മരിച്ചതിനു പിന്നാലെ ജില്ലയിൽ രണ്ട് പഞ്ചായത്തുകളിലായി അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ൻമെന്റ് സോണുകളാക്കി. തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡുമാണ് ഈ വിഭാഗത്തിലേക്ക് മാറ്റിയത്.Nipa
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട വാർഡുകളിൽ നിപ പ്രോട്ടോക്കോൾ പ്രകാരമായിരിക്കും നിയന്ത്രണങ്ങൾ. ഇവിടങ്ങളിൽ നാളെ നടക്കാനിരിക്കുന്ന നബിദിനഘോഷയാത്ര മറ്റൊരു ദിവസത്തേക്കു മാറ്റിവയ്ക്കാൻ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. അതേസമയം, മരിച്ച യുവാവിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള അഞ്ചുപേർ ചികിത്സയിലാണ്. ജില്ലയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
ബെംഗളൂരുവിൽ പഠിക്കുന്ന വണ്ടൂർ നടുവത്ത് സ്വദേശിയായ 24കാരനാണു കഴിഞ്ഞ തിങ്കളാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കടുത്ത പനിയെ തുടർന്നായിരുന്നു യുവാവ് ചികിത്സ തേടിയത്. നിപ വൈറസ് സംശയിച്ചതിനെ തുടർന്ന് സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ നിപ സൂചനയുണ്ടായിരുന്നു. പൂനെ വൈറോളജി ലാബിൽനിന്നുള്ള പരിശോധനാഫലം കൂടി വന്നതോടെയാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
നിലവിൽ 151 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളത്. ഐസൊലേഷനിലുള്ള അഞ്ചുപേർക്ക് നേരിയ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചത്. തിരുവാലി പഞ്ചായത്തിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്.