‘ഇന്ധന സെസ് പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ല’; തീരുമാനം ജനങ്ങളോട് ഉറപ്പിച്ചു പറയുമെന്ന് എം.വി ഗോവിന്ദൻ

കണ്ണൂർ: ഇന്ധന സെസ് പിൻവലിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മീഡീയവണിനോട് പറഞ്ഞു. പ്രതിപക്ഷ സമരത്തിന്റെ പേരിൽ ഒരു രൂപ പോലും ഇന്ധന സെസ്‌കുറക്കില്ല. അക്കാര്യം ജനങ്ങളോട് ഉറപ്പിച്ച് പറയാനാണ് തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളെ എക്കാലവും പൊതു ഖജനാവിൽ നിന്ന് പണം നൽകി സംരക്ഷിക്കാനാവില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

”ഒന്നുകിൽ ഈ ഗവൺമെന്റ് നിലനിൽക്കണോ അല്ലെങ്കിൽ ഈ ഗവൺമെന്റിന്റെ അന്ത്യം വേണോ?, സംസ്ഥാന സർക്കാരിനെ തകർക്കാനുള്ള ഗൂഢാലോചന തന്നെയാണ് കേന്ദ്ര ഗവൺമെന്റിന്റെ സാമ്പത്തിക നയം. അതിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ ഇടപെടലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തുന്നത്. കോൺഗ്രസും ബി.ജെ.പിയും കൂടിയാണ് ഇന്ധനവില ഈ നിലയിലെത്തിച്ചത്”- എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. ഇന്ധന സെസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താൻ പ്രതിപക്ഷത്തിന് അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് നാളെ കാസർകോട് തുടക്കമാവുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യ കേരള യാത്രയാണിത്. 2024ൽ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങൾക്ക് അനുകൂലമായ സാഹചര്യമൊരുക്കുകയാണ് യാത്രയിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. ഇന്ധന സെസ് എന്ത്കൊണ്ട് കുറയ്ക്കാതിരിക്കുന്നുവെന്നതിൽ സർക്കാരിന് കൃത്യമായ കാരണങ്ങളുണ്ട്. സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 40000 കോടി രൂപയോളം കേന്ദ്രം കേരളത്തിന് നൽകാനുണ്ട്. ആ തുക നൽകാതെ കേന്ദ്രം സംസ്ഥാന സർക്കാരിനെ ഞെക്കി കൊല്ലാനുള്ള ശ്രമം നടത്തുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ബി.ജെ.പി, യു.ഡി.എഫ് സമരം അപഹാസ്യമാണെന്നും അതിന് വഴങ്ങില്ലെന്നും വ്യക്തമാക്കിയ എം.വി ഗോവിന്ദൻ പ്രതിപക്ഷത്തെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്.

അതേസമയം കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ലക്ഷ്യമിടുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ശിവശങ്കറുമായി മുഖ്യമന്ത്രിയെ അടുപ്പിക്കാൻ ഏറെ കാലമായി ശ്രമം നടക്കുന്നു. കൈക്കൂലി വാങ്ങിയെങ്കിൽ ശിവശങ്കർ ജയിലിൽ കിടക്കട്ടെയെന്നും അദ്ദേഹം വിശദമാക്കി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയെ അന്വേക്ഷണ പരിധിയിൽ കൊണ്ടു വന്നാലും ഭയമില്ലെന്നും എംവി ഗോവിന്ദൻ മിഡിയവണിനോട് പറഞ്ഞു. ”തുടർഭരണത്തിന് നെഗറ്റീവും പോസിറ്റീവുമായ വശങ്ങളുണ്ട്. നെഗറ്റീവ് മുളയിലെ നുളളും, സമൂഹത്തിലെ ഫ്യൂഡൽ ജീർണത പാർട്ടിയെയും ബാധിക്കും, ആലപ്പുഴയിലെ തമ്മിലടി പരിഹരിച്ചു, ഇനി എവിടെങ്കിലും പ്രശ്‌നങ്ങളുണ്ടങ്കിൽ അതും പരിഹരിക്കും, ആവശ്യമായ ഇടപെടൽ നടത്താൻ പാർട്ടിക്ക് കഴിവുണ്ട്”- എംവി ഗോവിന്ദൻ വിശദമാക്കി.

Leave a Reply

Your email address will not be published. Required fields are marked *