‘എന്നെ അധികം പേർക്ക് അറിയില്ല’; ബാലൺ ദോർ നേട്ടത്തിന് ശേഷം റോഡ്രി
പാരീസ്:ബാലൺദോർ സ്വന്തമാക്കിയ ശേഷം പ്രതികരണവുമായി സ്പാനിഷ് മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രി. വിനീഷ്യസ് ജൂനിയറിനെ മറികടന്നാണ് 28 കാരൻ ഡിഫൻസീവ് മിഡ്ഫീൽഡർ പ്രസ്റ്റീജ്യസായ നേട്ടം സ്വന്തമാക്കിയത്. താൻ സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിനാൽ എന്നെ അധികം പേർക്ക് അറിയില്ലെന്നും എന്റെ ജീവിതത്തിലെ സ്‌പെഷ്യൽ ദിനമാണിതെന്നും ബാലൻദോർ ഏറ്റുവാങ്ങിയശേഷം പറഞ്ഞു.Rhodri
” ഞാനൊരു സാധാരണ വ്യക്തിയാണ്. ഫുട്‌ബോളാണ് എന്റെ പ്രൊഫഷൻ. ഞാൻ സോഷ്യൽ മീഡിയയിലില്ല. അതിനാൽ എന്നെ അധികം ആളുകൾക്ക് അറിയില്ല. എനിക്കും എന്റെ കുടുംബത്തിനും രാജ്യത്തിനും സ്‌പെഷ്യൽ ദിനമാണിത്”-റോഡ്രി പറഞ്ഞു. സ്‌പെയിനായി യൂറോ കിരീടം നേടിയത് ഈ നിമിഷം ഓർക്കുന്നതായി പറഞ്ഞ റോഡ്രി, ടീമിലെ സഹതാരമായിരുന്ന റയൽമാഡ്രിഡിന്റെ ഡാനി കാർവഹാലിനെയും പ്രസംഗത്തിൽ പരാമർശിച്ചു. ചാവി,ഇനിയെസ്റ്റ, ബുസ്‌കെസ്റ്റ് ഈ നേട്ടത്തിലെത്താതെ പോയവരെയും റോഡ്രി മെൻഷൻ ചെയ്തു. സ്പാനിഷ് ഫുട്‌ബോളിൽ ഇതൊരു ചരിത്രദിനമാണെന്നും ഫുട്‌ബോൾ ജയിച്ചെന്നും റോഡ്രി കൂട്ടിചേർത്തു. എപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ശ്രമിച്ചത്. കഠിനാദ്ധ്വാനത്തിന്റെ ഫലമായാണ് ഈ നേട്ടത്തെ കാണുന്നതെന്നും സ്പാനിഷ് താരം പറഞ്ഞു
അതേസമയം, ബാലൺ ദോറിൽ റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ സോഷ്യൽ മീഡിയയിൽ വിവാദം പുകയുകയാണ്. പുരസ്‌കാര പ്രഖ്യാപനത്തിന് മുമ്പേ റോഡ്രിയാണ് വിജയിയെന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. വിനീഷ്യസ് ജൂനിയറും റയൽ മാഡ്രിഡ് പ്രതിനിധികളും പുരസ്‌കാരദാന ചടങ്ങിനെത്തിയിരുന്നില്ല.