സൽമാൻ ഖാന്റെ വീട് ആക്രമിച്ച കേസിൽ ലോറൻസ് ബിഷ്‌ണോയി സംഘാംഗമായ ഒരാൾ കൂടി അറസ്റ്റിൽ
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ വീട് ആക്രമിച്ച സംഭവത്തിൽ ഗുണ്ടാ തലവനായ ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. ഹരിയാനയിലെ ഫത്തേബാദ് സ്വദേശിയായ ഹർപാൽ സിങ് (34) ആണ് അറസ്റ്റിലായത്. ഹർപാലിന്റെ നാട്ടിലെത്തിയാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിങ്കളാഴ്ച വൈകുന്നേരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. Salman Khan’s house
ഇന്ന് രാവിലെ മുംബൈയിലെത്തിച്ച ഹർപാലിനെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആറാമത്തെ ആളാണ് ഹർപാൽ. ഏപ്രിൽ 14-നാണ് മോട്ടോർ സൈക്കിളിലെത്തിയ രണ്ടുപേർ മുംബൈ ബാന്ദ്രയിലുള്ള സൽമാന്റെ വസതിക്ക് നേരെ വെടിയുതിർത്തത്.
ലോറൻസ് ബിഷ്‌ണോയി സംഘാംഗമായ മുഹമ്മദ് റഫീഖ് ചൗധരി എന്നയാൾ കേസുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം അറസ്റ്റിലായിരുന്നു. അയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ഹർപാലിനെ കുറിച്ച് സൂചന ലഭിച്ചത്. സൽമാന്റെ വീടിന് ചുറ്റും നിരീക്ഷണം നടത്താൻ ഹർപാൽ റഫീഖിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹത്തിന് 2-3 ലക്ഷം രൂപ നൽകിയെന്നും പൊലീസ് പറഞ്ഞു.
നിലവിൽ അഹമ്മദാബാദിലെ സബർമതി ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയും അദ്ദേഹത്തിന്റെ സഹോദരനുമാണ് ആക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.