പാചകവാതക വിതരണത്തോടൊപ്പം ജലവിതരണവും തടസ്സപ്പെട്ടു; തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ഒരാഴ്ചത്തെ നിർബന്ധിത അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ (സി.ഇ.ടി) ഒരാഴ്ചത്തെ നിർബന്ധിത അവധി പ്രഖ്യാപിച്ചു. പാചകവാതക ക്ഷാമവും പൈപ്പുകളിലൂടെയുള്ള ജലവിതരണം നിലച്ചതും മൂലം ഹോസ്റ്റലുകളുടെ പ്രവർത്തനം സ്തംഭിച്ച സാഹചര്യത്തിലാണ് കോളേജ് അധികൃതർ ഈ അടിയന്തര തീരുമാനമെടുത്തത്. കോളേജ് ഹോസ്റ്റലുകൾക്ക് പുറമെ ക്യാമ്പസിന് ചുറ്റുമുള്ള മുപ്പതോളം സ്വകാര്യ ഹോസ്റ്റലുകളും പ്രവർത്തനമവസാനിപ്പിച്ച് അടച്ചുപൂട്ടി. ഇതോടെ നൂറുകണക്കിന് വിദ്യാർഥികളാണ് പെരുവഴിയിലായത്.
നിലവിൽ ഹോസ്റ്റലുകളിൽ കഴിയുന്ന വിദ്യാർഥികളോട് ഉടൻ തന്നെ ഒഴിഞ്ഞുപോകാണമെന്ന് ഉടമകൾ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് പാചകവാതക വിതരണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം വാട്ടർ അതോറിറ്റിയുടെ പൈപ്പുകളിൽ വെള്ളം വരാത്തതും കൂടിയായപ്പോൾ മെസ്സുകളുടെ പ്രവർത്തനം പൂർണ്ണമായും നിലച്ചു.
‘ഭക്ഷണം പാകം ചെയ്യാനോ കുളിക്കാനോ പോലും വെള്ളമില്ലാത്ത സാഹചര്യത്തിൽ കുട്ടികളെ താമസിപ്പിക്കുന്നത് പ്രായോഗികമല്ല’ എന്ന് പ്രൈവറ്റ് ഹോസ്റ്റൽ അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു. കോളേജ് അധികൃതരും സ്വകാര്യ ഹോസ്റ്റലുകളും അപ്രതീക്ഷിതമായി അവധി പ്രഖ്യാപിച്ചതോടെ ദൂരസ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കടുത്ത പ്രയാസത്തിലാണ്. ട്രെയിനുകളിൽ തിരക്ക് അനുഭവപ്പെടുന്നതിനാൽ പലർക്കും നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ട്. അടുത്ത തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും, ജലവിതരണവും ഗ്യാസ് ക്ഷാമവും പരിഹരിക്കപ്പെട്ടില്ലെങ്കിൽ അവധി നീളാൻ സാധ്യതയുണ്ട്.
