‘തെളിവ് നശിപ്പിക്കുക മാത്രമാണ് ചെയ്തത്’: മമത ബാനർജിക്കെതിരെ കൊല്ലപ്പെട്ട ഡോക്ടറുടെ പിതാവ്
കൊല്‍ക്കത്ത: ആർജി കർ മെഡിക്കൽ കോളജ് ബലാത്സംഗക്കൊലക്കേസിലെ വിധിയില്‍ അതൃപ്തി അറിയിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ്. പ്രതിയായ സഞ്ജയ് റോയിക്ക് ആജീവനാന്ത തടവുശിക്ഷയാണ് കോടതി വിധിച്ചിരുന്നത്.Mamata Banerjee
മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെയാണ് പിതാവ് രംഗത്ത് എത്തിയത്. അന്വേഷണത്തിൽ തെളിവുകൾ നശിപ്പിക്കുക മാത്രമാണ് മമത ചെയ്തതെന്ന് പിതാവ് കുറ്റപ്പെടുത്തി.
” മമതാ ബാനർജി തിടുക്കപ്പെട്ട് ഒന്നുംചെയ്യേണ്ടതില്ല, ഇന്നേവരെ അവർ ചെയ്ത കാര്യങ്ങളുമായൊന്നും ഇനി മുന്നോട്ട് പോകേണ്ട. മമതയ്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ, തെളിവ് നശിപ്പിക്കുക മാത്രമാണ് അവർ ചെയ്തത്. അന്നത്തെ കമ്മിഷണറും മറ്റുള്ളവരും ചേർന്ന് തെളിവിൽ കൃത്രിമം കാണിച്ചെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം വിധിയിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി മമതാ ബാനർജിയും രംഗത്ത് എത്തിയിരുന്നു. കൊൽക്കത്ത പൊലീസ് അന്വേഷിച്ചിരുന്നെങ്കിൽ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കും വിധം നീങ്ങിയേനെയെന്നും മമത പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാൻ അപ്പീൽ നൽകുമെന്നും മമത വ്യക്തമാക്കി.
വിധിക്കെതിരെ പെൺകുട്ടിയുടെ കുടുംബവും അപ്പീൽ നൽകാനൊരുങ്ങുകയാണ്. സഞ്ജയ് റോയിക്ക് ആജീവനാന്ത ജീവപര്യന്തമാണ് കോടതി വിധിച്ചത്. കൊൽക്കത്തയിലെ സിയാൽദാ അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി അനിർബാൻ ദാസ് ആണ് വിധി പ്രഖ്യാപിച്ചത്. പ്രതി അന്‍പതിനായിരം രൂപ പിഴയടക്കാനും കോടതി വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന വാദം കോടതി തള്ളി.