കർഷകർക്ക് ആശ്വാസമായി ഊർങ്ങാട്ടിരി കാർഷിക കർമസേന രംഗത്ത്
ഊർങ്ങാട്ടിരി: തൊഴിലാളി ക്ഷാമവും, കൂലിവർധനവും കാരണം ബുദ്ധിമുട്ടുന്ന കർഷകർക്ക് ആശ്വാസമായി ഊർങ്ങാട്ടിരി കൃഷിഭവന് കീഴിലെ കാർഷിക കർമസേന. മഴക്കാലത്തിനു മുന്നോടിയായി ചെയ്യേണ്ട കൃഷിയിട പ്രവർത്തനങ്ങൾ ചുരുങ്ങിയ ചെലവിൽ ചെയ്‌ത് കൊടുക്കാനാണ് കർമസേനാംഗങ്ങൾ തയ്യാറായിട്ടുള്ളത്.
ആത്മ കപ്പാസിറ്റി ബിൽഡിംഗ് ട്രെയിനിങ്ങിൽ ഉൾപ്പെടുത്തി ടില്ലർ, മൈക്രോ ടില്ലർ എന്നിവ പ്രവർത്തിപ്പിക്കാനുള്ള പരിശീലനം കാംകോ മെക്കാനികും ട്രെയിനറുമായ രഞ്ജിത് നൽകി, പരിശീലനം ലഭിച്ച അംഗങ്ങളെ പ്രവർത്തനം ഏറ്റെടുത്തു നടത്താൻ പ്രാപ്തരാക്കി. കൃഷിഭവനിൽ പേര് രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് മിതമായ നിരക്കിൽ കർമ്മസേന യുടെ പ്രവർത്തനം ലഭിക്കുമെന്ന് കൃഷി ഓഫീസർ നിഷിദ സി ടി അറിയിച്ചു. കൃഷി അസിസ്റ്റന്റ് കൃഷ്ണചന്ദ്രൻ എൻ. ആത്മ ബ്ലോക്ക് ടെക്നോളജി മാനേജർ ഷബീന എന്നിവർ നേതൃത്വം നൽകി. കർമ്മസേനാംഗങ്ങൾ, കർഷകർ എന്നിവർ ടില്ലർ പരിശീലനം ആഘോഷമാക്കി.