തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സംഭാവന സ്വീകരിക്കാമെന്ന ഉത്തരവ് അനധികൃത ചുങ്കപ്പിരിവിനു വഴി തെളിക്കും; രമേശ് ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു പൊതുജനങ്ങളിൽ നിന്നു പിരിവു നടത്താം എന്ന സർക്കാർ ഉത്തരവ് അനധികൃത ചുങ്കപ്പിരിവിന് വഴിയൊരുക്കുമെന്നും സാധാരണക്കാരുടെ ജനജീവിതം ദുസ്സഹമാക്കുമെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഇത് വൻ അഴിമതിക്ക് കളമൊരുക്കുന്ന ഒന്നാണ്. ഈ ഉത്തരവ് അടിയന്തിരമായി പിൻവലിക്കണം. ഇല്ലാത്ത പക്ഷം ഓരോ ആവശ്യങ്ങൾക്കും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ കയറിയിറങ്ങുന്ന സാധാരണക്കാർ സർക്കാർ അനുമതിയോടുള്ള വൻ ചൂഷണത്തിനും പിരിവിനും വിധേയരാകേണ്ടി വരും എന്നും ചെന്നിത്തല പറഞ്ഞു.tax
ഓരോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയിലും പ്രവർത്തിക്കുന്ന ചെറുകിട ബിസിനസ് സ്ഥാപനങ്ങളൊക്കെ ഈ ഉത്തരവിന്റെ ദൂഷ്യഫലങ്ങൾക്കു വിധേയരാകും എന്നതിൽ സംശയം വേണ്ടെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. വ്യാപകമായ അഴിമതിക്കും സ്വജന പക്ഷപാതത്തിനും ഈ ഉത്തരവ് വഴി തെളിക്കും. നിലവിലെ ഉത്തരവ് യാതൊരു വ്യക്തതയും ഇല്ലാത്തതാണെന്നു മാത്രമല്ല, ഇത് പിരിവിന്റെ കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മത്സരത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും ചെന്നിത്തല ആരോപിക്കുന്നു.
‘കടുത്ത വിലക്കയറ്റവും അഴിമതിയും കൊണ്ട് ജനങ്ങൾ ആകെ പൊറുതി മുട്ടിയിരിക്കുകയാണ്. ഈ പുതിയ ഉത്തരവ് സാധാരണക്കാരെയും ചെറുകിട വ്യവസായ സംരംഭകരെയും അതിശക്തമായി ബാധിക്കാൻ ഇടയുള്ളതാണ്. റോഡുകൾ അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് പണം പിരിച്ചെടുക്കാം എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജൂൺ 2, 2025 ൽ പുറത്തിറങ്ങിയ ഡി.എ1/420/2022 എന്ന നമ്പറിലെ പുതിയ ഉത്തരവ് വ്യവസ്ഥ ചെയ്യുന്നത്. മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങങളെ തെരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങളിലെ പ്രധാന സൂചകമായും ഈ പണപ്പിരിവിനെ പരിഗണിക്കുമെന്ന് ഉത്തരവിൽ പറയുന്നു.
ഭാവിയിൽ പഞ്ചായത്തുകളെയും മുൻസിപ്പാലിറ്റികളെയും പല ആവശ്യങ്ങളുമായി സമീപിക്കുന്നവർ ഫീസ് കൂടാതെ നല്ലൊരു തുക സംഭാവനയായും നൽകേണ്ടി വരുമെന്ന അവസ്ഥയാണ് ഈ ഉത്തരവ് സംജാതമാക്കുന്നത്. ഇത് ഉടൻ പിൻവലിക്കണം’ എന്നും മേശ് ചെന്നിത്തല പറഞ്ഞു.