‘കൊര്‍ദോവ ഖിലാഫത്തിന്റെയും കറുത്ത അടിമകളുടെയും രക്തമാണ് ഞങ്ങളുടേത്; വിരട്ടല്‍ വേണ്ട’

Cordova

കുടിയേറ്റക്കാരെ കൈവിലങ്ങണിയിച്ചുകൊണ്ടുവന്ന യുഎസ് സൈനിക വിമാനം കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ തിരിച്ചയച്ചത് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പാണ്. വന്‍ നികുതി ചുമത്തിയും ഉപരോധവും യാത്രാവിലക്കും പ്രഖ്യാപിച്ചാണ് ഡൊണാള്‍ഡ് ട്രംപ് ഇതിനെ നേരിട്ടത്. എന്നാല്‍, പെട്രോ ഭീഷണികള്‍ക്കു മുന്നില്‍ കീഴടങ്ങിയില്ല. തിരിച്ച് നികുതി ഏര്‍പ്പെടുത്തുകയും സ്വന്തം വിമാനം അയച്ചു തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുകയും ചെയ്തു അദ്ദേഹം. വിരട്ടി കാല്‍ക്കീഴില്‍ നിര്‍ത്താമെന്ന വിചാരം വേണ്ടെന്ന് പെട്രോ ട്രംപിനോട് വ്യക്തമാക്കുകയും ചെയ്തു. കൊളംബിയയുടെ പോരാട്ട ചരിത്രവും സാംസ്‌കാരിക പൈതൃകവും വിശദീകരിച്ച് ഒരു ദീര്‍ഘമായ കുറിപ്പും ട്രംപിനെ അഭിസംബോധന ചെയ്ത് ഗുസ്താവോ പെട്രോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ആ കുറിപ്പിന്റെ മൊഴിമാറ്റമാണു താഴെ.Cordova

അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ ഇഷ്ടമല്ല എനിക്ക്. അല്‍പം വിരസമാണ് ആ യാത്ര. പക്ഷേ, പ്രശംസയര്‍ഹിക്കുന്ന പലതും അവിടെയുണ്ടെന്നു ഞാന്‍ സമ്മതിക്കുന്നു. വാഷിങ്ടണിലെ കറുത്ത വംശജരുടെ പ്രദേശങ്ങളില്‍ വരണമെന്ന ആഗ്രഹമുണ്ട്. വാള്‍ട്ട് വിറ്റ്മാനെയും പോള്‍ സിമോണിനെയും നോം ചോംസ്‌കിയെയുമെല്ലാം എനിക്ക് ഇഷ്ടമാണെന്നതും ഞാന്‍ സമ്മതിക്കുന്നു.

എനിക്ക് രക്തബന്ധമുള്ള നിക്കോള സാക്കോയും ബാര്‍ടോലോമിയോ വന്‍സെറ്റിയും അമേരിക്കയുടെ ചരിത്രത്തില്‍ അവിസ്മരണീയരാണെന്നും സമ്മതിക്കുന്നു ഞാന്‍. അവരെ പിന്തുടരുകയും ചെയ്യുന്നു. അമേരിക്കയിലും എന്റെ രാജ്യത്തുമുണ്ടായിരുന്ന ഫാസിസ്റ്റുകളായ ലേബര്‍ നേതാക്കള്‍ ഇലക്ട്രിക് കസേരകളില്‍ ഇരുത്തിയാണ് അവരെ കൊന്നുകളഞ്ഞത്.

താങ്കളുടെ എണ്ണ എനിക്ക് ഇഷ്ടമല്ല, ട്രംപ്. അത്യാര്‍ത്തി കൊണ്ട് ഈ മനുഷ്യവംശത്തെ തുടച്ചുനീക്കും താങ്കള്‍. ഗ്യാസ്ട്രൈറ്റിസ് ഉണ്ടെങ്കിലും ഒരു വിസ്കിക്കു പുറത്ത് നമുക്ക് ഇതേക്കുറിച്ചെല്ലാം തുറന്നുസംസാരിക്കാനാകുമെന്ന് അംഗീകരിക്കുന്നു. പക്ഷേ, എന്നെ ഒരു കീഴ്ജാതിക്കാരനായാണു താങ്കള്‍ കണക്കാക്കുന്നതെന്നതു കൊണ്ടുതന്നെ അതിത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാനെന്നല്ല, ഒരു കൊളംബിയക്കാരനും താഴ്ന്ന വംശക്കാരല്ല.

അതുകൊണ്ട് കീഴടങ്ങാന്‍ പോകുന്നില്ല ഞാന്‍. താങ്കള്‍ വേണമെങ്കില്‍ സാമ്പത്തികശക്തിയും അഹങ്കാരവും കൊണ്ട് ഒരു അട്ടിമറിക്കു ശ്രമിച്ചോളൂ. സാല്‍വദോര്‍ അലെന്‍ഡെയോട് പണ്ടവര്‍ ചെയ്ത പോലെ. പക്ഷേ, ഞാനിവിടെ തന്നെ മരിക്കും. അതിക്രമങ്ങളെയാണ് ഞാന്‍ ചെറുത്തുനിന്നത്. താങ്കളെയും ചെറുക്കും.

കൊളംബിയയ്ക്ക് അയല്‍പ്പക്കത്ത് എനിക്ക് അടിമകളെ ആവശ്യമില്ല. ഒരുപാട് അടിമകളുണ്ടായിരുന്നു ഇവിടെ, അവരെല്ലാം സ്വയം സ്വതന്ത്രരാകുകയും ചെയ്തു. കൊളംബിയയ്ക്കരികില്‍ സ്വാതന്ത്ര്യപ്രേമികളെയാണ് എനിക്കു വേണ്ടത്. നിങ്ങള്‍ക്ക് എന്റെ കൂടെ ചേരാന്‍ കഴിയുന്നില്ലെങ്കില്‍, ഞാന്‍ മറ്റാരെയെങ്കിലും നോക്കിക്കൊള്ളാം. കൊളംബിയ ലോകത്തിന്റെ ഹൃദയമാണ്. താങ്കള്‍ക്കത് ഉള്‍ക്കൊള്ളാനാകില്ല. മഞ്ഞ ചിത്രശലഭങ്ങളുടെയും റെമെഡിയോസ് ദി ബ്യൂട്ടിയുടെയും കേണല്‍ ഔറെലിയാനോ ബ്യൂണ്ടിയയുടെയുമെല്ലാം നാടാണിത്. അക്കൂട്ടത്തിലൊരാളാണ്, ഒരുപക്ഷേ, അവസാനത്തെയാളാണു ഞാന്‍.

താങ്കള്‍ എന്നെ കൊന്നാലും അമേരിക്കയില്‍, താങ്കള്‍ക്കു മുന്നില്‍ കഴിയുന്ന എന്റെ ജനങ്ങള്‍ക്കിടയില്‍ ഞാന്‍ ജീവിക്കും. കാറ്റിന്റെയും പര്‍വതങ്ങളുടെയും കരീബിയന്‍ സമുദ്രത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജനതയാണു ഞങ്ങള്‍.

വെള്ളക്കാരായ ദാസന്മാര്‍ക്ക് കൈകൊടുക്കാന്‍ എന്നെ കിട്ടില്ല. വെള്ളക്കാരും സ്വാതന്ത്ര്യവാദികളുമായ ലിങ്കണിന്റെ പിന്മുറക്കാര്‍. അമേരിക്കയിലെ വെള്ളക്കാരും കറുത്തവരുമായ കര്‍ഷക മക്കള്‍. കോവിഡില്‍നിന്നു രക്ഷപ്പെട്ട ശേഷം, ഇറ്റാലിയന്‍ ടസ്‌കനി പര്‍വതനിരകളിലൂടെ സഞ്ചരിച്ച്, അവരുടെ ശവക്കല്ലറകളില്‍ പൊട്ടിക്കരഞ്ഞു പ്രാര്‍ഥിച്ചിട്ടുണ്ട് ഞാന്‍. അവരാണ് അമേരിക്കക്കാര്‍. അവര്‍ക്കേ ഞാന്‍ കൈകൊടുക്കൂ.. അവര്‍ക്കു മുന്നില്‍ മാത്രമേ ഞാന്‍ മുട്ടുമടക്കൂ. എന്നെ പുറത്താക്കിനോക്കൂ. അമേരിക്കയും മനുഷ്യകുലവുമായിരിക്കും അതിനു തിരിച്ചടി നല്‍കുക.

കൊളംബിയ വടക്കിലേക്ക് നോക്കുന്നതു നിര്‍ത്തിയിട്ടുണ്ട്. ലോകത്തേക്കാണു ഞങ്ങള്‍ നോക്കുന്നത്. കൊര്‍ദോവ ഖിലാഫത്തിന്റെയും അവരുടെ നാഗരികതയുടെയും രക്തമാണ് ഞങ്ങളുടേത്. ഏഥന്‍സില്‍ ജനാധിപത്യം കൊണ്ടുവന്ന മധ്യധരണ്യാഴിയിലെ റോമന്‍ ലത്തീനുകാരുടെയും അവരുടെ നാഗരികതയുടെയും രക്തമാണിത്. താങ്കള്‍ അടിമകളാക്കിവച്ച കറുത്ത വംശജരായ പോരാളികളുടെയും രക്തമാണ് ഞങ്ങളുടേത്. വാഷിങ്ടണിനും എല്ലാ അമേരിക്കയ്ക്കുംമുന്‍പ് സ്വതന്ത്രമായ പ്രദേശമാണ് കൊളംബിയ. അവിടെ ആഫ്രിക്കന്‍ പാട്ടുകളിലാണു ഞാന്‍ അഭയം തേടുന്നത്.

ഈജിപ്ഷ്യന്‍ ഫറോവമാരുടെ കാലത്ത് തൊഴിലെടുത്ത് ജീവിച്ചിരുന്ന തട്ടാന്മാരും, ചിരിബിക്വിറ്റിയിലുള്ള ലോകത്തെ തന്നെ ആദ്യത്തെ കലാകാരന്മാരുമെല്ലാം ചേര്‍ന്നാണ് എന്റെ ദേശത്തെ നിര്‍മിച്ചത്. താങ്കള്‍ ഒരുകാലത്തും ഞങ്ങളെ ഭരിക്കാന്‍ പോകുന്നില്ല.

ഞങ്ങളുടെ ജനത ലേശം ഭയമുള്ളവരും ചെറിയ തോതില്‍ ഭീരുക്കളും നിഷ്‌കളങ്കരും ദയയുള്ളവരും സ്നേഹമുള്ളവരുമാണ്. പക്ഷേ, നിങ്ങള്‍ അക്രമത്തിലൂടെ ഞങ്ങളില്‍നിന്നു പിടിച്ചെടുത്ത പാനമ കനാല്‍ എങ്ങനെ തിരിച്ചുപിടിക്കണമെന്ന് അവര്‍ക്കറിയാം. നിങ്ങള്‍ കൊന്നൊടുക്കിയ ലാറ്റിനമേരിക്കയില്‍ നിന്നെങ്ങുനിന്നുമുള്ള ഇരുന്നൂറോളം വീരപോരാളികള്‍ പഴയ കൊളംബിയയായ ഇന്നത്തെ പാനമയിലുള്ള ബോകാസ് ഡെല്‍ ടോറോയിലുണ്ട്.

ഞാന്‍ ഒരു പതാക ഉയര്‍ത്തുന്നു. ഗെയ്റ്റന്‍ പറഞ്ഞ പോലെ, ഒറ്റയ്ക്കാണെങ്കിലും, ലാറ്റിനമേരിക്കന്‍ അന്തസ്സോടെ അത് ഉയര്‍ന്നുപറക്കും. അതാണ് അമേരിക്കയുടെയും അന്തസ്സ്. അക്കാര്യം താങ്കളുടെ മുതുമുത്തച്ഛന് അറിയാനിടയില്ല, കുടിയേറ്റക്കാരനായ മിസ്റ്റര്‍ പ്രസിഡന്റ്. പക്ഷേ, എന്റെ മുത്തച്ഛന് അറിയും.

താങ്കളുടെ ഉപരോധം എന്നെ പേടിപ്പിക്കുന്നില്ല. മനോഹരമായൊരു രാജ്യമാണെന്നതിനപ്പുറം ലോകത്തിന്റെ ഹൃദയമാണ് കൊളംബിയ എന്നതു തന്നെ അതിനു കാരണം. എന്നെപ്പോലെ സൗന്ദര്യം ഇഷ്ടപ്പെടുന്നയാളാണ് താങ്കളുമെന്ന് എനിക്കറിയാം. അതുകൊണ്ട് അതിനോട് അനാദരവ് കാണിക്കരുത്; അനുതാപത്തോടെ പെരുമാറുക.

ഇന്നു മുതല്‍ കൊളംബിയ ലോകത്തിനു മുന്നില്‍ തുറന്നുകിടക്കുകയാണ്; തുറന്നിട്ട കരങ്ങളോടെ. സ്വാതന്ത്ര്യവും ജീവിതവും മനുഷ്യത്വവും സൃഷ്ടിക്കുന്നവരാണ് ഞങ്ങള്‍. താങ്കള്‍ എന്റെ തൊഴിലാളികള്‍ ഉണ്ടാക്കിയ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം നികുതി ചുമത്തിയെന്ന് അറിയാനായി. തിരിച്ചും അതുതന്നെ ഞാനും ചെയ്യുന്നു. കൊളംബിയയില്‍ കണ്ടെത്തപ്പെട്ട ചോളം കൃഷി ചെയ്ത് അവര്‍ ലോകത്തെ മുഴുവന്‍ ഊട്ടട്ടെ.

Leave a Reply

Your email address will not be published. Required fields are marked *