പഹല്‍ഗാം ഭീകരാക്രമണം: പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന; ആക്രമിച്ചത് ഏഴംഗ സംഘമെന്നും വിവരം

Pahalgam terror attack: Lashkar terrorist Saifullah Kasuri is suspected to be behind it; information also suggests that a seven-member gang carried out the attack

 

പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന. ആക്രമണത്തിന് മുമ്പ് ഹോട്ടലുകളില്‍ നിരീക്ഷണം നടത്തിയെന്ന് വിവരം. ആക്രമണത്തിന് പിന്നില്‍ ഏഴംഗ സംഘമെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ എത്തിയത് 2 സംഘങ്ങളായി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ പഹല്‍ഗാമില്‍ എത്തി. ഭീകരര്‍ക്കായി മൂന്ന് മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരുന്നു.

അതേസമയം, എന്‍ഐഎ സംഘം ശ്രീനഗറില്‍ എത്തി. ഇവര്‍ ഉടന്‍ തന്നെ പഹല്‍ഗാമിലെത്തും. ഭീകരാക്രമണം ഉണ്ടായ മേഖലയില്‍ നിന്ന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. അമിത് ഷാ അനന്ത്‌നാഗിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ കാണും എന്നാണ് വിവരം. ആശുപത്രി കനത്ത സുരക്ഷാ വലയത്തില്‍ലാണ്.

അതിനിടെ, പെഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ശ്രീനഗറില്‍ എത്തിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഡല്‍ഹിയിലേക്ക് മടങ്ങിയെത്തിയ പ്രധാനമന്ത്രി വിമാനത്താളത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. അജിത് ഡോവല്‍ , എസ് ജയശങ്കര്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തില്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര മന്ത്രിസഭാ സമിതി യോഗം ചേരും. ഭീകരാക്രമണത്തിന് ശേഷമുള്ള സുരക്ഷാ സാഹചര്യങ്ങള്‍ യോഗം അവലോകനം ചെയ്യും. ജമ്മുകശ്മീരിന്റെ വിവിധ മേഖലകളില്‍ സൈന്യവും പൊലീസും ചേര്‍ന്ന് ഭീകരര്‍ക്കായി വ്യാപക തിരച്ചില്‍ തുടരുകയാണ്. 28 പേര്‍ക്കാണ് ഭീകാരാക്രണത്തില്‍ ജീവന്‍ നഷ്ടമായത്. കൊല്ലപ്പെട്ടവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രനുമുണ്ട്. കുടുംബത്തോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയ രാമചന്ദ്രനെ മകളുടെ മുന്നില്‍ വച്ചാണ് സൈനിക വേഷത്തിലെത്തിയവര്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ദ റസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു. കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട്. എന്‍ഐഎ സംഘം ഇന്ന് രാവിലെ സംഭവസ്ഥലം സന്ദര്‍ശിക്കും. ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്നാണ് വിവരം.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉറിയില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *