പാകിസ്താനിലെ പള്ളിയിൽ സ്ഫോടനം: 28 മരണം,150 ലേറെ ആളുകൾക്ക് പരിക്ക്

പെഷാവർ: വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ പെഷാവറിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ 28 പേർ കൊല്ലപ്പെട്ടു. 150ലേറെ ആളുകൾക്ക് പരിക്കേറ്റു. പരിക്കേറ്റ നിരവധി പേരുടെ നില ഗുരുതരമാണെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ രണ്ട് പൊലീസുകാരുമുണ്ട്. പള്ളിയിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പെഷാവർ കമ്മീഷണർ റിയാസ് മഹ്സൂദ് അറിയിച്ചു.

പള്ളിക്കകത്ത് ബോബ് വെച്ചതാണോ, ചാവേർ ആക്രമണമാണോ നടന്നതെന്ന് വ്യക്തമായിട്ടില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പള്ളിയിൽ പ്രാർഥനക്കായി ആളുകൾ എത്തിയ സമയത്താണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പള്ളിയുടെ ഒരുഭാഗം തകർന്നു വീണു. നിരവധിയാളുകൾ അതിനടിയിൽ കുടുങ്ങി. അഫ്ഗാനിസ്താനുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

”ഞങ്ങൾക്ക് കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ ലഭിച്ചു. വളരെ അടിയന്തരമായ ഒരു സാഹചര്യമാണിത്.”-പെഷാവറിലെ ആശുപത്രി വക്താവ് പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ പെഷാവറിലെ ശിയ പള്ളിക്കു നേരെ ഐ.എസ് നടത്തിയ ചാവേറാക്രമണത്തിൽ 64 പേർ കൊല്ലപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *