പാനൂർ സ്ഫോടനം: രണ്ട് പേർ കൂടി അറസ്റ്റിൽ

Panur blast: Two more arrested

 

കണ്ണൂര്‍: പാനൂർ സ്ഫോടന കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കുന്നോത്ത് പറമ്പ് സ്വദേശി അമൽ ബാബു, മുളിയത്തോട് സ്വദേശി മിഥുൻ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ആറായി. സ്ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്നയാളാണ് അമൽ. മിഥുന്‍ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവില്‍ നിന്നാണ് മിഥുനെ പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ നിന്ന് വെടിമരുന്ന് അടക്കമുള്ള എത്തിച്ച് നല്‍കി ബോംബുണ്ടാക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തു നല്‍കിയതും മിഥുനാണെന്നാണ് പൊലീസ് പറയുന്നത്.

Also Read : പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം; ഒരാള്‍ മരിച്ചു

കുന്നോത്ത്പറമ്പ് സ്വദേശികളായ സി. സായൂജ്, അതുൽ കെ, ചെറുപറമ്പ് സ്വദേശി ഷെബിൻലാൽ, ചെണ്ടയാട് സ്വദേശി അരുൺ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. അറസ്റ്റിലായ ഈ നാല് പേരും സി.പി.എം അനുഭാവികളാണ്.സ്‌ഫോടനത്തിൽ നിസ്സാര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുന്നോത്ത് പറമ്പ് സ്വദേശികളായ വിനോദ്, അശ്വന്ത് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചിരുന്നു. പാനൂർ മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്‍റവിട എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനീഷ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

സ്‌ഫോടന സമയത്ത് സ്ഥലത്ത് 10 പേരുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈപത്തുപേരെയും ഇപ്പോള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിർമാണത്തിനായി ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *