പരപ്പനങ്ങാടി നഗരസഭാ സ്റ്റേഡിയം ആർഎസ്എസ് പരിപാടിക്ക് വിട്ടുനൽകി; മുസ്‍ലിം ലീഗിൽ വിവാദം
മലപ്പുറം: പരപ്പനങ്ങാടിയിൽ നഗരസഭാ സ്റ്റേഡിയം ആർഎസ്എസ് പരിപാടിക്ക് വിട്ടുനൽകിയത് മുസ്ലിം ലീഗില്‍ ആഭ്യന്തര വിവാദമാകുന്നു. നഗരസഭാ ചെയർമാനെ ബലിയടാക്കാൻ ഒരു വിഭാഗം ശ്രമിച്ചുവെന്നാണ് ആരോപണം. രാഷ്ട്രീയ പാർട്ടികൾക്കോ മതസംഘടനകൾക്കോ പരിപാടി നടത്താൻ അനുമതി നൽകാത്ത സ്റ്റേഡിയമാണ് ആർഎസ്എസ് പരിപാടിക്കായി വിട്ടുനൽകിയത്.
വിജയദശമി ദിനത്തിലാണ് മുസ്ലിം ലീഗ് ഭരണത്തിലുള്ള പരപ്പനങ്ങാടി നഗരസഭയുടെ നഹാ സാഹിബ് സ്റ്റേഡിയത്തിൽ ആർഎസ്എസ് പരിപാടി സംഘടിപ്പിച്ചത്. സെപ്റ്റംബർ 19നാണ് സംഘാടകർ ഓൺലൈൻ വഴി അപേക്ഷ നൽകിയത്. പരിപാടിക്ക് അനുമതി നല്കിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തു വന്ന വീഴ്ചയാണെന്നാണ് നഗരസഭാ ചെയർമാൻ പി.പി ഷാഹുൽ ഹമീദ് പറയുന്നത്.
ഓൺലൈൻ വഴിയാണ് അപേക്ഷ നൽകിയിട്ടുള്ളത്. ഓൺലൈൻ വഴി വരുന്ന അപേക്ഷകൾ ക്ലർക്കാണ് കാണുന്നത്. പിന്നീട് സൂപ്രണ്ട് കണ്ടിട്ടാണ് അപേക്ഷകൾക്ക് അനുമതി നൽകുന്നത്. അതുകൊണ്ട് സെക്രട്ടറിയോ ചെയർമാനോ ഈ അപേക്ഷകൾ കണ്ടിട്ടില്ല. ഈ വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ട്. അതിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്ത് നൽകിയതായും ചെയർമാൻ പറഞ്ഞു.
നഗരസഭാ ചെയർമാനുമായി അഭിപ്രായ വ്യത്യാസമുള്ള മുസ്ലിം ലീഗിലെ ഒരു വിഭാഗമാണ് അനുമതിക്ക് പിന്നിലെന്നാണ് ലീഗിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നത്. മുസ്ലിം ലീഗിലെ വിഭാഗീയതയാണ് ആർഎസ്എസ് പരിപാടിക്ക് സ്റ്റേഡിയം വിട്ടുകൊടുത്തതിന് പിന്നിലെന്നാണ് ആക്ഷേപം.
സ്റ്റേഡിയം വിട്ടുകൊടുത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് ഭരിക്കുന്ന നഗരസഭയിലേക യൂത്ത് ലീഗും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിഷയത്തിൽ ഇപ്പോൾ പ്രതികരിക്കണ്ടതില്ലെന്നാണ് സിപിഎം നിലപാട്.