കെ-സ്വിഫ്റ്റ് കണ്ടക്ടറെ ക്രൂരമായി ആക്രമിച്ച് യാത്രക്കാരൻ; ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: കെ-സ്വിഫ്റ്റ് ജീവനക്കാരനെ യാത്രക്കാരൻ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ മീഡിയവണിന്. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ ശ്രീജിത്തിനാണു മർദനമേറ്റത്. സംഭവത്തിൽ പ്രതി പൂന്തുറ സ്വദേശി സിജോയെ റിമാൻഡ് ചെയ്തിട്ടുണ്ട്.conductor
ശനിയാഴ്ചയാണ് കെ-സ്വിഫ്റ്റ് ബസിലെ കണ്ടക്ടർ ശ്രീജിത്തിനെ യാത്രക്കാരൻ ക്രൂരമായി മർദിച്ചത്. ഇടിവള കൊണ്ട് ജീവനക്കാരന്റെ തലയ്ക്കും ചെവിക്കും മൂക്കിനും ഇടിക്കുകയായിരുന്നു. സംഭവത്തിൽ മൂക്കിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരും ശ്രീജിത്തും ചേര്‍ന്നു പിടിച്ചുവച്ച് പ്രതിയെ പൊലീസിൽ ഏൽപിക്കുകയായിരുന്നു.
മുൻവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്നാണു വിവരം. നേരത്തെ ബസിലെ ഒരു യാത്രക്കാരിയുമായി തർക്കത്തിലേർപ്പെട്ടതായിരുന്നു പ്രശ്‌നങ്ങൾക്കു തുടക്കം. ഇതേതുടർന്ന് ഇയാളോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ശ്രീജിത്ത് ആവശ്യപ്പെട്ടിരുന്നു. ഇതാണ് പ്രകോപനത്തിനിടയാക്കിയതെന്നാണു കരുതുന്നത്.