കൊലപാതകത്തിന് ദർശനെ നിർബന്ധിച്ചത് പവിത്ര; രേണുകാസ്വാമി കേസിൽ പുതിയ വഴിത്തിരിവ്

Renukaswamy case

ബംഗളൂരു: കന്നഡ സൂപ്പർ താരം ദർശനും നടി പവിത്ര ഗൗഡയും ഉൾപ്പെട്ട കൊലപാതകക്കേസ് പുതിയ വഴിത്തിരിവിലേക്ക്. കൊലപാതകത്തിന് ദർശനെ നിർബന്ധിച്ചത് പവിത്രയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. രേണുകാസ്വാമിയെ പ്രതികൾ മർദനത്തിനിരയാക്കുമ്പോൾ പവിത്രയും സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.Renukaswamy case

പവിത്രയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്തതാണ് രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ദർശനെയും പവിത്രയയെയും പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ യുവാവ് പോസ്റ്റ് ചെയ്ത പരാമർശങ്ങൾ പവിത്ര ദർശനെ കാണിക്കുകയും യുവാവിനെ വകവരുത്താൻ ഇയാളെ നിർബന്ധിക്കുകയുമായിരുന്നു.

തുടർന്ന് ജൂൺ 8ന് ദർശനേർപ്പെടുത്തിയ സംഘം രേണുകാസ്വാമിയെ ചിത്രദുർഗ എന്ന സ്ഥലത്ത് നിന്ന് നടനെ പരിചയപ്പെടുത്താമെന്ന് തെറ്റിദ്ധരിപ്പിച്ച് വണ്ടിയിൽ കയറ്റി. ബെംഗളൂരുവിൽ ആർആർ നഗറിലെ ഒരു ഷെഡിലെത്തിച്ച യുവാവിനെ കാണാൻ പിന്നീട് ദർശനും പവിത്രയുമെത്തി. തുടർന്നായിരുന്നു മർദനപരമ്പര. രേണുകാസ്വാമിയെ തല്ലിച്ചതയ്ക്കുന്നതിനും ഇലക്ട്രിക് ഷോക്കുകൾ നൽകുന്നതിനുമെല്ലാം ദർശനും പവിത്രയും നേതൃത്വം നൽകിയെന്നാണ് പൊലീസ് പറയുന്നത്.

ശരീരത്തിലേറ്റ മുറിവുകളിൽ നിന്ന് രക്തം വാർന്നതാണ് രേണുകാസ്വാമിയുടെ മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യുവാവിന്റെ ജനനേന്ദ്രിയം തകർന്ന നിലയിലായിരുന്നുവെന്നും ഒരു ചെവി നഷ്ടപ്പെട്ടിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ട്.

കൊലപാതകത്തിനായി 50 ലക്ഷം രൂപയാണ് പല ആളുകൾക്കായി ദർശൻ നൽകിയത്. കിഡ്‌നാപ്പിംഗിനും കൊലപാതകത്തിനും മൃതദേഹം അഴുക്കുചാലിൽ തള്ളുന്നതിനുമൊക്കെ നേതൃത്വം നൽകിയ പ്രദോഷ് അലിയാസ് പവൻ എന്നയാളാണ് ഇവരിലൊരാൾ. ഇയാൾക്ക് 30 ലക്ഷം രൂപയാണ് ദർശൻ നൽകിയത്. കുറ്റമേൽക്കാൻ അഞ്ചു ലക്ഷം വീതം രാഘവേന്ദ്ര, കാർത്തിക്ക് എന്നിവർക്കും നൽകി.

ഇരുവരും പൊലീസിൽ കീഴടങ്ങി, ദർശനും പവിത്രയ്ക്കും പകരം ജയിലിൽ പോകണമെന്നായിരുന്നു കരാർ. എന്നാൽ ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ദർശന്റെയും പവിത്രയുടെയും പേര് വെളിപ്പെടുകയായിരുന്നു.

ദർശനും പവിത്രയുമുൾപ്പടെ 17 പേരെയാണ് രേണുകാസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജുഡീഷ്യൽ കസ്റ്റഡിയിലാണ് പവിത്ര. ദർശന്റെ പൊലീസ് കസ്റ്റഡി രണ്ട് ദിവസം കൂടി നീട്ടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *