രാഹുലിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന ഹരജി: വാദം കേൾക്കുന്നതിനിടെ റിപ്പോർട്ടറെ കോടതിയിൽ നിന്നിറക്കി വിട്ട് ജഡ്ജി

Rahul's

ന്യൂഡൽഹി: കോടതി നടപടികൾക്കിടെ റിപ്പോർട്ടറോട് പുറത്തുപോകാൻ ആവശ്യപ്പെട്ട് ജഡ്ജി. അലഹബാദ് ഹൈക്കോടതിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രാഹുൽ ഗാന്ധിയുടെ റായ്ബറേലിയിലെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് അലോക് മാഥുറിന്റെ നടപടി.Rahul’s

ലീഗൽ ന്യൂസ് വെബ്‌സൈറ്റായ ലൈവ് ലോയുടെ അസോസിയേറ്റ് എഡിറ്റർ സ്പർശ് ഉപാധ്യയോടാണ് പുറത്തുപോകാൻ ജഡ്ജി ആവശ്യപ്പെട്ടത്. വാദം കേൾക്കുന്നതിനിടെ, ‘നിങ്ങളുടെ റിപ്പോർട്ടിംഗ് കോടതിക്ക് വെളിയിൽ ചെയ്യൂ’ എന്ന് ജഡ്ജി പറഞ്ഞതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു. വാർത്ത പുറത്തെത്തിയതോടെ നിരവധി പേരാണ് പ്രതിഷേധമറിയിച്ചത്. കോടതിമുറിയിൽ റിപ്പോർട്ടർമാരുൾപ്പടെ ആർക്കും കയറാവുന്നതാണെന്നും കോടതിനടപടികൾ ലൈവായി സ്ട്രീം ചെയ്യാൻ സുപ്രിംകോടതി പോലും തയ്യാറെടുക്കുന്നതിനിടെയാണ് ചില ജഡ്ജിമാരിൽ നിന്ന് ഇത്തരം നടപടികളെന്നും മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിമർശിച്ചു. അതേസമയം റിപ്പോർട്ടറെ എന്തിനാണ് കോടതി പുറത്താക്കിയത് എന്ന കാര്യം വ്യക്തമല്ല.

ഇതിന് മുമ്പും റിപ്പോർട്ടർമാരോട് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ടർ രത്‌ന സിങ് ചൂണ്ടിക്കാട്ടുന്നത്. ആദിപുരുഷ് ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഹരജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു ഇതെന്നും ഇനിയും ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു.

ജസ്റ്റിസ് മാഥൂറിനൊപ്പം ജസ്റ്റിസ് അരുൺ കുമാർ സിങ്ങും ഹരജിയിൽ വാദം കേൾക്കാനുണ്ടായിരുന്നു. കർണാടക സ്വദേശിയായ വിഘ്‌നേഷ് ശിശിർ എന്നയാളാണ് ഹരജി സമർപ്പിച്ചത്. രാഹുൽ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്നും അതിനാൽ ലോക്‌സഭാ തെരഞ്ഞടുപ്പ് ജയം റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *