‘പുതിയ പേരിൽ പിഎഫ്ഐയുടെ പ്രതിരോധ പരിശീലനം’; ‘മെക് 7’ ഉയർത്തി ഉത്തരേന്ത്യയിൽ സംഘ്പരിവാർ വിദ്വേഷ പ്രചാരണം
കോഴിക്കോട്: പ്രഭാത വ്യായാമ കൂട്ടായ്മയായ ‘മെക് 7’നെ ചൊല്ലിയുള്ള വിവാദം ആയുധമാക്കി ഉത്തരേന്ത്യയിൽ വിദ്വേഷ പ്രചാരണത്തിന് സംഘ്പരിവാർ നീക്കം. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുശേഷം പേരുമാറ്റി ഇപ്പോൾ ‘മെക് 7’ എന്ന പേരിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഇവരുടെ നേതൃത്വത്തിൽ പ്രതിരോധ പരിശീലനങ്ങൾ നടക്കുന്നുണ്ടെന്നുമാണ് സംഘ് അനുകൂലികളുടെ പ്രചാരണം നടക്കുന്നത്. സിപിഎം നേതാവ് പി. മോഹനൻ ഉൾപ്പെടെയുള്ളവർ പോപ്പുലർ ഫ്രണ്ട് ബന്ധം ആരോപിച്ചതിനു പിന്നാലെയാണ് കൂട്ടായ്മ വാർത്തകളിൽ നിറയുന്നത്. ഇതേ വാദവുമായി സമസ്ത കാന്തപുരം വിഭാഗം നേതാക്കളും രംഗത്തെത്തിയിരുന്നു.
‘ഉണരൂ, കേരളം’ എന്ന് പറഞ്ഞാണ് ‘ഹിന്ദു സേവ കേന്ദ്രം’ പേരിലുള്ള ഒരു എക്സ് അക്കൗണ്ട് സ്ത്രീകൾ പരിശീലനം നടത്തുന്ന ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. പിഎഫ്ഐ നിരോധനത്തിനുശേഷം ‘ജിഹാദികൾ’ പേരുമാറ്റി ‘മെക് 7’ന്റെ മറവിൽ പ്രവർത്തിക്കുകയാണെന്ന് പോസ്റ്റിൽ ആരോപിക്കുന്നു. ഇതിനു കീഴിൽ 1,000ത്തിലേറെ സംഘങ്ങളായി പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. തീവ്രവാദത്തിനു പിന്തുണ നൽകുന്ന കമ്യൂണിസ്റ്റുകളും ഇസ്്ലാമിക സംഘടനയായ സമസ്തയുമെല്ലാം ഇതിൽ ആശങ്കയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുശേഷം ‘ജിഹാദികൾ’ വേഷം മാറിവന്നാണ് പ്രത്യേക തരം കായിക പരിശീലനം നടത്തുന്നതെന്ന് മറ്റൊരു യൂസറും ആരോപിക്കുന്നു. സിപിഎമ്മിന്റെയും സമസ്തയുടെയും ആരോപണങ്ങൾ ആയുധമാക്കിയാണ് പോസ്റ്റിൽ ആരോപണമുയർത്തുന്നത്.
അതേസമയം, നേരത്തെ ഉയർത്തിയ ആരോപണങ്ങൾ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ വിഴുങ്ങിയിരിക്കുകയാണ്. ‘മെക് 7’നെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും കൂട്ടായ്മയെ എതിർക്കേണ്ട കാര്യം സിപിഎമ്മിനില്ലെന്നുമാണ് അദ്ദേഹം ഇന്നു മലക്കംമറിഞ്ഞത്. പൊതുരംഗങ്ങളിൽ മതരാഷ്ട്രവാദികൾ നുഴഞ്ഞുകയറുമെന്ന ആശങ്ക പങ്കുവയ്ക്കുകയാണു ചെയ്തതെന്നും അദ്ദേഹം ന്യായീകരിച്ചു.