‘മന്ത്രിമാരുടെയും നേതാക്കളുടെയും ഫോൺ ചോർത്തുന്നത് അരീക്കോട്ടെ എടിഎസ് സംഘത്തിന്റെ സഹായത്തോടെ’; കൂടുതൽ ആരോപണങ്ങളുമായി അൻവർ

'Phone tapping of ministers and leaders with the help of Arikote ATS team'; Anwar with more allegations

 

മലപ്പുറം: എഡിജിപി എം.ആർ അജിത് കുമാറിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങളുമായി പി.വി അൻവർ എംഎൽഎ. ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ(എടിഎസ്) സഹായത്തോടെയാണ് അജിത് കുമാർ പ്രധാന രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും ഫോൺ ചോർത്തിയതെന്ന് അൻവർ ആരോപിച്ചു. വിജിലൻസിലുണ്ടായിരുന്ന എഎസ്ഐ മോഹൻദാസിനെ ഫോൺ ചോർത്താൻ ചുമതലപ്പെടുത്തിയെന്നും എടിഎസിന്റെ സ്‌പെഷൽ ഓപറേഷൻ ടീമിന്റെ സഹായത്തോടെയാണ് ചോർത്തൽ നടക്കുന്നതെന്നും എംഎൽഎ ആരോപിച്ചു.

മലപ്പുറത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് ഫോൺ ചോർത്തലിന്റെ കൂടുതൽ തെളിവുകൾ അൻവർ പുറത്തുവിട്ടത്. മലപ്പുറം ജില്ലയിലെ അരീക്കോട്ട് എടിഎസിന്റെ സ്‌പെഷൽ ഓപറേഷൻ ടീം പ്രവർത്തിക്കുന്നുണ്ട്. ഇവിടെവച്ചാണ് മാവോയിസ്റ്റ് ഭീഷണി മറയാക്കി ഫോൺ ചോർത്തൽ നടക്കുന്നത്. സ്‌പെഷൽ ടീമിലെ ജിനീഷ് ശരത്ത്, ജയപ്രസാദ് എന്നിവരാണ് ഫോൺ ചോർത്തുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലെ അടിച്ചുതളിക്കാരുടെ ഫോൺ വരെ ചോർത്തുന്നുണ്ടെന്ന് സുജിത് ദാസ് പറഞ്ഞുവെന്നും എംഎൽഎ ആരോപിച്ചു.

സർക്കാർ വിചാരിക്കുന്നതിന് അപ്പുറമാണ് എഡിജിപിയും മലപ്പുറം മുൻ എസ്പി സുജിത് ദാസും പ്രവർത്തിച്ചത്. എസ്‌ഐടിയുടെ കീഴിൽ കൂടുതൽ അന്വേഷണ സംഘങ്ങൾ വേണ്ടി വരും. അജിത്കുമാർ മാറിയാൽ മാത്രമേ പുതിയ തെളിവുകൾ പുറത്തുവരികയുള്ളൂ. രാഷ്ട്രീയമായ അട്ടിമറിക്ക് അജിത് കുമാർ കൂട്ടുനിന്നിട്ടുണ്ട്. ഒരു മുന്നണിയെ പോലും ബാധിക്കുന്ന കാര്യങ്ങൾക്കായാണ് ഇടപെടലുണ്ടായത്. അജിത് കുമാർ കസേരയിൽ ഇരിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് നല്ല പേടിയുണ്ട്. ഇനിയും എഡിജിപി അജിത് കുമാറിനെ തദ്സ്ഥാനത്ത് നിർത്തുന്നത് അദ്ദേഹത്തിനു കീഴിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നും അൻവർ ചൂണ്ടിക്കാട്ടി.

”കുഴൽപണം പിടിച്ചാൽ ഭൂരിഭാഗം പണവും പൊലീസ് കൊണ്ടുപോവുകയാണ്. കാരിയർമാരെ രാത്രി വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്യും. ആഫ്രിക്കയിലോ ഉത്തേരേന്ത്യയിലോ ഒന്നുമല്ല ഇതെല്ലാം നടക്കുന്നത്. സുജിത് ദാസ് ഹൈദരാബാദിൽ പോയി കഴിഞ്ഞതിന് ശേഷം എടിഎസിന്റെ തലവനാകുകയാണുണ്ടായത്. ഇനി എന്താണു വേണ്ടതെന്നു സർക്കാർ തീരുമാനിക്കട്ടെ.

എഡിജിപി അജിത് കുമാർ ആർഎസ്എസ് ആണെന്ന് എല്ലാവർക്കും അറിയാം. സർക്കാരിന് അനുകൂലമായി വരുന്ന പല കേസുകളും സർക്കാരിന് പ്രതികൂലമാക്കി. അത് ആർഎസ്എസിനെ സഹായിക്കാൻ വേണ്ടിയാണ്. മാവോയിസ്റ്റ് വേട്ടയുടെ ഭാഗമായുള്ള എസ്ഒജി സാമ്പത്തിക തട്ടിപ്പ് നടത്തി.”

പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ട്. പൊന്നാനി പീഡന പരാതിയുടെയും വാർത്തയുടെയും ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു. സംഭവം വനിതാ ഐപിഎസ് ഓഫിസർ അന്വേഷിക്കണം. ഞാൻ പറയുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ എനിക്കെതിരെ കേസെടുക്കട്ടെ. ഇനിയും എംആർ അജിത് കുമാറിനെ ക്രമസമാധാന വകുപ്പിൽ ഇരുത്തിയാൽ പി.വി അൻവറിനെ കുടുക്കാനുള്ള നടപടികളുണ്ടാകും. ഇതേക്കുറിച്ചെല്ലാം മുഖ്യമന്ത്രിക്ക് പുതിയ പരാതി നൽകുമെന്നും അൻവർ എംഎൽഎ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *