പോറ്റി ആദ്യം കേറിയത് സോണിയ ഗാന്ധിയുടെ ഓഫീസിൽ -മുഖ്യമന്ത്രി



തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ആദ്യം കേറിയത് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓഫീസിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചാൽ തങ്ങൾ രക്ഷപ്പെടുമെന്നാണ് ചിലർ കരുതുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സ്വർണക്കൊള്ളക്കേസിൽ അന്വേഷണം നടക്കുന്നത് ഹൈകോടതിയുടെ നിരീക്ഷണത്തോടെയാണ്. അന്വേഷണ സംഘം നല്ല രീതിയിൽ അവരുടെ ചുമതല നിര്‍വഹിക്കുന്നു. ചില കാര്യങ്ങൾക്ക് മറ്റു മറുപടി ഇല്ലാതെ വരുമ്പോൾ എന്നാൽ ഇരിക്കട്ടെ ഒരു ആരോപണം, അത് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആയാൽ തങ്ങൾ രക്ഷപ്പെടുമെന്നാണ് കരുതുന്നത്. അടൂർ പ്രകാശിന്‍റെ പേര് ഇതുമായി ബന്ധപ്പെട്ട് വരുന്നത് ഒരു ചിത്രം വന്നപ്പോഴാണ്. സോണിയ ഗാന്ധിയും അടൂർ പ്രകാശും പത്തനംതിട്ടയിൽനിന്നുള്ള എം.പിയുമാണ് അതിൽ. സോണിയ ഗാന്ധിയുടെ കൂടെയുള്ളത് ഈ കേസിൽ ഇപ്പോൾ പ്രധാന പ്രതിയായി വന്ന പോറ്റിയാണ്. പോറ്റിയെ കേറ്റിയെന്ന് പറഞ്ഞില്ലേ, ആ പോറ്റയെ ആദ്യം കേറിയത് സോണിയ ഗാന്ധിയുടെ ഓഫീസിലാണ് -മുഖ്യമന്ത്രി പറഞ്ഞു.

പോറ്റിക്ക് ഒറ്റക്ക് അവിടെ ചെന്നതല്ല, പോറ്റി ഒരു ഭാഗത്ത്, മറ്റൊരു ഭാഗത്ത് സ്വർണം വാങ്ങി എന്ന് അന്വേഷണ സംഘം കണ്ടെത്തിയ വ്യാപാരിയും. ഇതെങ്ങനെയാണ് രണ്ടുപേരും കൂടി ഒന്നിച്ച് സോണിയ ഗാന്ധിയെ പോലുള്ള സുരക്ഷ ഏറെയുള്ള നേതാവിന്‍റെ അടുത്തെത്തുന്നത്…? എങ്ങിനെയാണ് ഇവർ ഒന്നിച്ച് എത്തിപ്പെട്ടത്? ഇതിനല്ലേ മറുപടി പറയേണ്ടത്… -മുഖ്യമന്ത്രി ചോദിച്ചു.