‘ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കപ്പെട്ട സ്ഥലങ്ങൾ വളരെ അപൂർവ്വം; കേരളം പലതിനും മാതൃക’, മമ്മൂട്ടി

രാജപാതകളും വലിയ കെട്ടിടങ്ങളും നിർമ്മിക്കുന്നത് കൊണ്ട് വികസനമാകുന്നില്ല ഏത് കണ്ണഞ്ചിപ്പിക്കുന്ന വികസനങ്ങൾ ഉണ്ടെങ്കിലും വിശക്കുന്ന വയറിനു മുൻപിൽ ഒരു വികസനത്തിനും വിലയില്ലെന്ന് മമ്മൂട്ടി.
വികസിക്കേണ്ടത് നമ്മുടെ സാമൂഹ്യ ജീവിതമാണ്.സാമൂഹ്യ ജീവിതം വികസിക്കണമെങ്കിൽ ദാരിദ്ര്യം പരി പൂർണമായും തുടച്ചുമാറ്റപ്പെടണം.ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കപ്പെട്ട സ്ഥലങ്ങൾ വളരെ അപൂർവമേ എന്റെ അറിവിൽ ഉള്ളൂ. കേരളം പലതിനും മാതൃകയാണ്.
അതിദാരിദ്ര്യമുക്തമായ കേരളത്തെ പ്രഖ്യാപിക്കുമ്പോൾ അതിനേക്കാൾ വലിയ ഉത്തരവാദിത്വമാണ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നത്. അതിദാരിദ്ര്യം മാത്രമേ മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഒരു വലിയ കടമ്പയാണ്. പലതും കേരളം ഒരുമിച്ച് നിന്ന് അതിജീവിച്ചിട്ടുണ്ട്. സമർപ്പണം നമ്മുടെ ജനങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് മമ്മൂട്ടി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സംസാരിച്ചു.
എട്ടുമാസമായി ഞാൻ നാട്ടിലുണ്ടായിരുന്നില്ല. കുറെ നാളുകളായി ഒരു പൊതുവേദിയിലോ സ്ഥലത്തോ പോകാത്ത ആളാണ് ഞാൻ. ഇപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഒരുപാട് പ്രതിസന്ധികളെ കേരളജനത തോളോട് തോൾ ചേർന്ന് നിന്ന് അതിജീവിച്ചതാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അസാധ്യം എന്നൊന്നില്ല എന്ന് തെളിയിക്കാനായി. അതിദാരിദ്ര്യ മുക്ത പദ്ധതി ആരുടെയും ഔദാര്യമല്ല പാവപ്പെട്ടവൻറെ അവകാശമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
കേരളപ്പിറവി ദിനത്തിൽ വിളിച്ചുചേർത്ത നിയമസഭാ സമ്മേളനത്തിലാണ് അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന ചരിത്രനേട്ടം അവതരിപ്പിച്ചത്. അതിദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന നേട്ടം സുപ്രധാന
നാഴികക്കല്ലാണെന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
