നാടുകാണി ചുരത്തിൽ പ്ലാസ്റ്റിക് ചെക്ക് പോസ്റ്റ് സ്ഥാപിച്ചു

നിലമ്പൂർ: ജൈവ വൈവിധ‍്യകലവറയായ നാടുകാണി ചുരം മേഖലയെ പ്ലാസ്റ്റിക്ക് മാലിന‍്യ മുക്തമാക്കുകയെന്ന ലക്ഷ‍്യത്തോടെ ചുരം മേഖലയിൽ പ്ലാസ്റ്റിക് ചെക്ക്പോസ്റ്റ് പ്രവർത്തനം തുടങ്ങി. വനം, എക്സൈസ് ചെക്ക്പോസ്റ്റുകൾക്ക് നടുവിലായി കെ.എൻ.ജി റോഡിൽ ചുരം തുടങ്ങുന്ന ആനമറിയിലാണ് ചെക്ക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചത്. ജില്ല കലക്ടറുടെ നിർദേശപ്രകാരമാണ് വഴിക്കടവ് ഗ്രാമപഞ്ചായത്തിന്‍റെയും വനം വകുപ്പിന്‍റെയും മേൽനോട്ടത്തിൽ ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്.

ഹരിത കർമസേനയും വനം വകുപ്പ് ജീവനക്കാരുമാണ് ചെക്ക്പോസ്റ്റ് ചുമതലയിലുണ്ടാവുക. ചുരം കയറുന്ന വാഹനങ്ങൾ ചെക്ക്പോസ്റ്റിൽ കർശന പരിശോധനക്ക് വിധേയമാക്കും. വാഹനത്തിൽ നിരോധിത പ്ലാസ്റ്റിക്ക് ശ്രദ്ധയിൽപ്പെട്ടാൽ പിടിച്ചെടുക്കും. തുടർന്നും നിയമലംഘനം കണ്ടാൽ പിഴ ഈടാക്കുന്ന തരത്തിൽ കർശന നിയമനടപടി ഉണ്ടാവും.

നാടുകാണി ചുരം വനമേഖലയിലും വനപാതയിലും യാത്രക്കാർ പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയുന്നതിനാൽ കാടിന്‍റെ സ്വഭാവികത നഷ്ടപ്പെടുകയും വന‍്യജീവികളുടെ ജീവന് ഭീഷണി ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ചുരം മേഖലയിൽ നിന്നുള്ള കാട്ടരുവികളും താഴ് വാരത്തെ കാരക്കോടൻ പുഴയും മലിനമാകുന്നുണ്ട്. പ്രദേശത്തെ ജനങ്ങളിൽ ജലജന‍്യ രോഗങ്ങൾ വ‍്യാപിക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

പ്ലാസ്റ്റിക്ക് ചെക്ക് പോസ്റ്റ് വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റംലത്ത് നെയ്തക്കോടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉഷ വേലു അധ‍്യക്ഷത വഹിച്ചു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ ടി. വിമൽ, പഞ്ചായത്ത് സെക്രട്ടറി ശ‍്യാം പ്രകാശ്, പഞ്ചായത്ത് സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻമാരായ എരഞ്ഞിയിൽ മുജീബ്, ബാബു വർഗീസ്, സക്കീന അഷറഫ്, മെംബർമാരായ ബിനുപോൾ, മാനു കോന്നാടൻ, ഗോപിനാഥൻ, സി.ഡി.എസ് പ്രസിഡന്‍റ് എലിസബത്ത് മാത‍്യൂ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.കെ. മൊയ്തീൻകുട്ടി, സുനീർ മണൽപ്പാടം എന്നിവർ സംസാരിച്ചു.