മലപ്പുറത്ത് പ്ലസ് വൺ താൽക്കാലിക ബാച്ചുകൾ പരിഹാരമല്ല: വെൽഫെയർ പാർട്ടി
മലപ്പുറം: മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് നികത്തുന്നതിന് താൽക്കാലിക ബാച്ചുകൾ പരിഹാരമല്ലെന്ന് വെൽഫെയർ പാർട്ടി. വിദ്യാഭ്യാസമന്ത്രി അംഗീകരിച്ച കണക്ക് വെച്ച് നോക്കുകയാണെങ്കിൽ പോലും നൂറിലധികം സ്ഥിരം ബാച്ചുകൾ മലപ്പുറം ജില്ലയിൽ അനുവദിച്ചാലേ പ്രശ്‌നപരിഹാരം സാധ്യമാവൂ.Welfare Party നിലവിൽ ഒരു ക്ലാസിൽ 65 ലധികം കുട്ടികൾ തിങ്ങിഞെരുങ്ങി ഇരിക്കേണ്ടിവരുമ്പോൾ ഉണ്ടാകുന്ന അക്കാദമികവും അല്ലാതെയുമായ പ്രശ്‌നങ്ങൾ പരിഹരിക്കണമെങ്കിൽ ഇതിലേറെ ബാച്ചുകൾ ജില്ലയിൽ അനിവാര്യമാണ്. ഇതെല്ലാം കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിവരിക്കുന്ന കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന്റെ പക്കലുണ്ടായിരിക്കെ വീണ്ടും പഠനം നടത്താൻ ആവശ്യപ്പെടുന്നത് പരിഹാസ്യമാണെന്നും വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യുട്ടീവ് വിലയിരുത്തി. ജില്ലയിൽ ഹയർ സെക്കൻഡറിയില്ലാത്ത ഗവ.ഹൈസ്‌കൂളുകളെ എത്രയും പെട്ടെന്ന് അപ്‌ഗ്രേഡ് ചെയ്യണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, ആരിഫ് ചുണ്ടയിൽ, ജാഫർ സി.സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, ബിന്ദു പരമേശ്വരൻ, ഖാദർ അങ്ങാടിപ്പുറം, അഷറഫ് കെ.കെ, നൗഷാദ് ചുള്ളിയൻ, അഷ്‌റഫലി കട്ടുപ്പാറ എന്നിവർ സംസാരിച്ചു.