പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിലും അണ്‍ എയ്ഡഡ് സ്കൂളുകളിൽ ചേരാൻ ആളില്ല; തിരിച്ചടിയാകുന്നത് ഉയർന്ന ഫീസ് നിരക്ക്

unaided schools

കോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിലും അണ്‍ എയ്ഡഡ് സ്കൂളുകളോട് വിമുഖത കാണിച്ച് വിദ്യാർഥികള്‍. സീറ്റ് കുറവുള്ള മലപ്പുറം ജില്ലയിലടക്കം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അണ്‍ എയഡഡ് സീറ്റുകള്‍ കഴിഞ്ഞ വർഷം ഒഴിഞ്ഞു കിടന്നു. ഉയർന്ന ഫീസാണ് വിദ്യാർഥികളെ അണ്‍ എയഡഡ് സ്കൂളില്‍ നിന്നകറ്റുന്നത്. unaided schools

ആയിരക്കണക്കിന് വിദ്യാർഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതിരുന്ന മലപ്പുറത്ത് കഴിഞ്ഞ വർഷം ഒഴിഞ്ഞ് കിടന്നത് 5010 അണ്‍ എയ്ഡഡ് സീറ്റുകളാണ്. കോഴിക്കോട് 2728 സീറ്റും പാലക്കാട് 2265 സീറ്റും കണ്ണൂരില്‍ 1671 സീറ്റും അണ്‍ എയ്ഡഡ് മേഖലയില്‍ ഒഴിഞ്ഞു കിടന്നു. വിദ്യാർഥികളില്ലാതെ ഒഴിഞ്ഞു കിടക്കുന്ന അണ്‍എയ്ഡഡ് സീറ്റുകള്‍ മലബാർ ജില്ലകളുടെ മാത്രം പ്രത്യേകതയല്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും അവസ്ഥ സമാനമാണ്.

പ്ലസ് വണിന് 20000 രൂപ മുതല്‍ 65000 രൂപവെര വാർഷിക ഫീസ് ഈടാക്കുന്ന സ്കൂളുകളുണ്ട് സംസ്ഥാനത്ത്. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതല്ല. സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രതിസന്ധിക്ക് മറുവാദമായി അണ്‍ എയ്ഡഡ് സീറ്റുകളുടെ എണ്ണം കൂടി ഉള്‍പ്പെടുത്തുന്ന സർക്കാർ നിലപാടിന് ചോദ്യം ചെയ്യുന്നതാണ് ഒഴിഞ്ഞു കിടക്കുന്ന അണ്‍എയഡഡ് സീറ്റുകളുടെ എണ്ണം.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയെക്കുറിച്ച് ചോദിക്കുമ്പോള്‍ അണ്‍ എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളെ ചൂണ്ടിക്കാണിക്കുകയാണ് സർക്കാർ. പണമില്ലാത്തതിനാല്‍ മാത്രം വിദ്യാർഥികള്‍ തെരഞ്ഞെടുക്കാതിരിക്കുകയും അങ്ങനെ ഒഴിഞ്ഞ കിടക്കുകയും ചെയ്യുന്ന അണ്‍ എയഡഡ് സീറ്റുകള്‍ എങ്ങനെയാണ് സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാവുക എന്നതില്‍ മറുപടി പറയേണ്ടത് സർക്കാർ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *