പ്രധാനമന്ത്രി മോദിയുടെ സന്ദർശനം: ഇന്ത്യയും കുവൈത്തും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു

agreements

കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനത്തിനിടെ ഇന്ത്യയും കുവൈത്തും സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. പ്രതിരോധം, കായികം, സാംസ്‌കാരിക സഹകരണം എന്നീ രംഗങ്ങളിൽ സഹകരിക്കാനാണ് ചർച്ചയിൽ ധാരണയായത്.agreements

പ്രതിരോധ രംഗത്തെ സഹകരണം സംബന്ധിച്ചാണ് ആദ്യ ധാരണാപത്രം (എംഒയു). തുടർന്ന് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സ്‌പോർട്‌സും ഇന്ത്യയുടെ യുവജനകാര്യ കായിക മന്ത്രാലയവും തമ്മിലുള്ള എക്‌സിക്യൂട്ടീവ് പ്രോഗ്രാമിനും ധാരണയായി. 2025 മുതൽ 2028 വരെയുള്ള കായിക സഹകരണത്തിന് ഈ പ്രോഗ്രാം വഴിതുറക്കും.

2025-2029 കാലയളവിലേക്ക് ഒരു സാംസ്‌കാരിക വിനിമയ പരിപാടിക്കും ധാരണയായി. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം സ്ഥാപിക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യയും ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്‌മണ്യം ജയശങ്കറും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

കുവൈത്ത് പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ അബ്ദുല്ല അൽ അഹമ്മദ് ഞായറാഴ്ച ബയാൻ പാലസിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഔദ്യോഗിക ചർച്ച നടത്തിയതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും വിവിധ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചത്. രാജ്യങ്ങൾ തമ്മിലുള്ള ദീർഘകാല ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനും ചർച്ച ഊന്നൽ നൽകി. വിവരസാങ്കേതികവിദ്യ, ആരോഗ്യം, സാങ്കേതികവിദ്യ, എണ്ണ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബഹിരാകാശം തുടങ്ങിയ സുപ്രധാന മേഖലകളിൽ സഹകരണം മുന്നോട്ടുകൊണ്ടുപോകാനുള്ള തങ്ങളുടെ പ്രതിബദ്ധത നേതാക്കൾ വീണ്ടും ഉറപ്പിച്ചു. ഇരു ഭരണകൂടങ്ങളും തമ്മിൽ തുടർച്ചയായ ആശയവിനിമയവും ഏകോപനവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും അവർ വ്യക്തമാക്കി.

അതേസമയം, ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യാനും തുടർപ്രവർത്തനങ്ങൾ നടത്താനുമായി ഇന്ത്യകുവൈത്ത് വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിൽ സംയുക്ത സഹകരണ സമിതി സ്ഥാപിച്ചതിനെ കുവൈത്തും ഇന്ത്യയും സംയുക്ത പ്രസ്താവനയിലൂടെ സ്വാഗതം ചെയ്തു. അതോടൊപ്പം വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, ശാസ്ത്ര സാങ്കേതിക വിദ്യ, സുരക്ഷയും തീവ്രവാദവും, കൃഷി, സംസ്‌കാരം എന്നീ മേഖലകളിൽ പുതിയ സംയുക്ത വർക്കിംഗ് ഗ്രൂപ്പുകൾ (JWG) രൂപീകരിച്ചു. 43 വർഷത്തിന് ശേഷം കുവൈത്തിലേക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സന്ദർശനമായിരുന്നു മോദിയുടേത്.

Leave a Reply

Your email address will not be published. Required fields are marked *