‘സുപ്രഭാതത്തിന്’ നയം മാറ്റമെന്ന പ്രസ്താവന: ബഹാഉദ്ദീൻ നദ്‌വിയോട് വിശദീകരണം തേടി സമസ്ത
കോഴിക്കോട്: സമസ്ത മുശാവറ അംഗവും സുപ്രഭാതം പത്രത്തിന്റെ എഡിറ്ററുമായ ബഹാഉദ്ദീന്‍ നദ്‌വിയോട് സമസ്ത വിശദീകരണം തേടി.സുപ്രഭാതം പത്രത്തിന് നയംമാറ്റമുണ്ടെന്ന ചാനല്‍ പ്രതികരണം നടത്തിയതിനാണ് നടപടി. രണ്ടു ദിവസത്തിനകം സമസ്ത നേതൃത്വത്തിന് വിശദീകരണം നൽകാനാണ് നിർദേശം.Bahauddin Nadvi
സമസ്തയില്‍ ചിലര്‍ ഇടതു പക്ഷവുമായി അടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു സമസ്ത കേന്ദ്ര മുശാവറാ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ വിമര്‍ശനം.
എല്ലാവര്‍ക്കും വ്യക്തമായതാണ് ഇക്കാര്യമെന്നും സുപ്രഭാതം പത്രത്തില്‍ നയം മാറ്റമുണ്ടായെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അതുകൊണ്ടാണ് പത്രത്തിന്‍റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നതെന്നും പ്രതികരിച്ച അദ്ദേഹം ഈ നയം മാറ്റത്തിനെതരെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇത് അടുത്ത മുശാവറ യോഗത്തില്‍ ഉന്നയിക്കുമെന്നും പറഞ്ഞിരുന്നു.
അതേസമയം മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള ലീഗ് നേതാക്കൾ പങ്കെടുത്തിരുന്നില്ല. സമസ്തയുമായി ഭിന്നതയില്ലെന്നും സുപ്രഭാതവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നുമായിരുന്നു ഇത് സംബന്ധിച്ച് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം പരസ്യം സുപ്രഭാതം പ്രസിദ്ധീകരിച്ചതിനെതിരെ ലീഗ് പ്രവർത്തകർ വലിയ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ പരസ്യം പ്രസിദ്ധീകരിക്കുന്നതിൽ പത്രത്തിന് കൃത്യമായ പോളിസിയുണ്ടെന്നും യു.ഡി.എഫ് പരസ്യം ലഭിക്കാത്തതിനാലാണ് നൽകാതിരുന്നത് എന്നുമായിരുന്നു മാനേജ്ന്റ് വിശദീകരണം.