തപാൽ ജീവനക്കാർ ദേശീയ അനിശ്ചിത കാല സമരത്തിലേക്ക്
മഞ്ചേരി: ഗ്രാമീണ തപാൽ ജീവനക്കാർ ദേശീയ അനിശ്ചിത കാല പണിമുടക്ക് സമരത്തിലേക്ക്. അഞ്ചു വർഷമായിട്ടും പരിഹരിക്കാത്ത നിരവധി ആവശ്യങ്ങളും അവകാശങ്ങളും ഉയർത്തി പിടിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് പറഞ്ഞു. ദേശീയ പണിമുടക്കിന്റെ ഭാഗമായി മഞ്ചേരി സൂപ്രണ്ട് ഓഫീസ് പരിസരത്ത് ജീവനക്കാർ ധർണ്ണാ സമരം നടത്തി. ജി.ഡി.എസ്. ജീവനക്കാർക്ക് എട്ട് മണിക്കൂർ ജോലി നൽകുക, സീനിയോറിറ്റി അടിസ്ഥാനമാക്കി ഇൻക്രിമെന്റ് സമയബന്ധിതമായി നടപ്പാക്കുക, പെൻഷൻ അനുവദിക്കുക, ഗ്രാറ്റിവിറ്റി പരിധി ഉയർത്തുക, പുതിയ ജീവനക്കാർക്ക് ന്യായമായ ശമ്പള സ്കെയിൽ അനുവദിക്കുക, തുടങ്ങിയവ പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റും കേരള അർബ്ബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ ഹുസ്സൈൻ വല്ലാഞ്ചിറ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ പ്രസിഡന്റ് കെ.മഹ്ഷൂക്ക് അദ്ധ്യഷത വഹിച്ചു. എൻ. യു. ജി. സി. എസ്സ് സർക്കിൾ അസി. സെക്രട്ടറി പി.എം. ജയാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. കെ. കെ. ശിവദാസൻ, കെ. ഷൈനി, അബ്ദുൽ നൂർ, ശാന്തകുമാരി, അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.