പ്രധാനമന്ത്രിക്കെതിരായ പോസ്റ്റർ; ഡൽഹിയിൽ 100 പേർക്കെതിരെ കേസ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപവാദ പ്രചാരണം അടങ്ങിയ പോസ്റ്ററുകൾ പ്രചരിപ്പിച്ച സംഭവത്തിൽ വ്യാപകമായി കേസെടുത്ത് ഡൽഹി പൊലീസ്. കണ്ടാലറിയാവുന്ന നൂറോളം പേർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്തു.
പ്രിന്റിങ് പ്രസ് ആക്ട്, സ്വത്ത് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോസ്റ്ററുകളിൽ അച്ചടിശാലയുടെ വിശദാംശങ്ങൾ ഇല്ലാത്തത് നിയമലംഘനമാണെന്ന് പൊലീസ് പറഞ്ഞു.
അതിനിടെ, ആം ആദ്മി പാർട്ടി ഓഫിസിൽ നിന്ന് പുറത്തുവന്ന വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിനുള്ളിൽ നടത്തിയ പരിശോധനയിൽ പോസ്റ്ററുകൾ പിടിച്ചെടുത്തതായി സ്പെഷ്യൽ സിപി ദീപേന്ദ്ര പഥക് അറിയിച്ചു.
‘മോദിയെ രാഷ്ട്രത്ത് നിന്ന് പുറത്താക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്നാണ് പോസ്റ്ററുകളിൽ എഴുതിയിട്ടുള്ളത്. ഡൽഹി നഗരത്തിലെ മെട്രോ തൂണുകളിൽ രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉൾപ്പെടുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത് സാധാരണയാണ്. എന്നാൽ, മോദിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് പൊലീസ് നടപടി ശക്തമായത്.