കേരളത്തില്‍ ഇന്ധനവില, ഭൂമിയുടെ ന്യായവില, വാഹന നികുതി നാളെ മുതല്‍ ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ പെട്രോൾ, ഡീസൽ, മദ്യം എന്നിവയുടെ വില ഉയരും. ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചതടക്കമുള്ള ബജറ്റിലെ നികുതി നിര്‍ദേശങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. വാഹന നികുതിയും കോര്‍ട്ട് ഫീ സ്റ്റാമ്പിന്‍റെ വിലയും വര്‍ധിക്കുന്നുണ്ട്
സാമൂഹ്യ സുരക്ഷാ പെന്‍ഷന് പണം കണ്ടെത്തുന്നതിന്‍റെ ഭാഗമായിട്ടാണ് പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ ബജറ്റില്‍ മുന്നോട്ടുവച്ചത്. പ്രതിപക്ഷത്തിന്‍റെ വലിയ പ്രതിഷേധം ഉയര്‍ന്ന് വന്നിട്ടും പിന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. 750 കോടി രൂപയാണ് സര്‍ക്കാര്‍ ഇത് വഴി ഖജനാവിലേക്ക് പ്രതീക്ഷിക്കുന്നത്. രാത്രി 12 മണി മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും.
മദ്യത്തിന്‍റെ വിലയും നാളെ മുതല്‍ ഉയരും. 500 മുതല്‍ 999 രൂപ വരെ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും വർധിക്കും. 400 കോടി രൂപയാണ് ഇതുവഴി സര്‍ക്കാര്‍ അധികമായി പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ ന്യായവില 20 ശതമാനം കൂടും. ആനുപാതികമായി രജിസ്ട്രേഷന്‍ ചെലവും ഉയരും. സെന്‍റിന് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് നാളെ മുതല്‍ 120000 രൂപ ആകും. എട്ടു ശതമാനം സ്റ്റാംപ് ഡ്യൂട്ടിയും രണ്ടു ശതമാനം രജിസ്ട്രേഷന്‍ ഫീസും ചേര്‍ത്ത് വിലയുടെ 10 ശതമാനമാണ് എഴുത്ത് ചിലവ്.
വാഹന നികുതിയും നാളെ മുതല്‍ വര്‍ധിക്കും. 2 ലക്ഷം രൂപ വരെയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് രണ്ട് ശതമാനം അധിക നികുതി ഏര്‍പ്പെടുത്തും. പുതിയതായി വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഈടാക്കുന്ന ഒറ്റത്തവണ സെസ് വര്‍ധിക്കും. ഇരു ചക്രവാഹനങ്ങള്‍ക്ക് 50ല്‍ നിന്ന് 100 രൂപയായും മൂന്ന്, നാല് ചക്രവാഹനങ്ങള്‍ക്ക് 100ല്‍ നിന്ന് 200 രൂപയായും ഹെവി വാഹനങ്ങള്‍ക്ക് 250ല്‍ നിന്ന് 500 രൂപയായും വര്‍ധിക്കും. പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം കൂടും. ജുഡീഷ്യല്‍ കോര്‍ട്ട് ഫീ സ്റ്റാമ്പുകളുടെ നിരക്ക് വര്‍ധിക്കും. വാണിജ്യ, വ്യവസായ യൂണിറ്റുകള്‍ക്ക് ബാധകമായ വൈദ്യുതി തീരുവ അഞ്ച് ശതമാനമായി വര്‍ധിക്കും.
Fuel price, fair value of land, vehicle tax to go up in Kerala from tomorrow