മെറ്റ് ഗാല വേദിക്ക് പുറത്ത് ഫലസ്തീന്‍ അനുകൂല പ്രതിഷേധം; നിരവധി പേര്‍ അറസ്റ്റില്‍
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഇവന്‍റുകളിലൊന്നായ മെറ്റ് ഗാലയുടെ വേദിക്ക് പുറത്ത് ഫലസ്തീന്‍ അനുകൂല പ്രതിഷേധം. ‘ഗസ്സയില്‍ ബോംബുകള്‍ വീണുകൊണ്ടിരിക്കുമ്പോള്‍ മെറ്റ് ഗാല വേണ്ട’ എന്ന മുദ്രാവാക്യങ്ങളുള്ള ബാനറുകളുമായാണ് പ്രതിഷേധക്കാരെത്തിയത്. പ്രകടനത്തില്‍ പങ്കെടുത്ത നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു. people were arrested
കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ട് ഗാല എന്നറിയപ്പെടുന്ന മെറ്റ് ഗാല, ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്സ് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവർത്തനങ്ങൾക്കുള്ള വാർഷിക ധനസമാഹരണ പരിപാടിയാണ്. ഓരോ വർഷവും അരങ്ങേറുന്ന ഏറ്റവും വലിയ ഫാഷൻ ഇവന്റുകളിലൊന്നാണ് മെറ്റ് ഗാല. സെലിബ്രിറ്റികൾ, ഫാഷൻ ഡിസൈനർമാർ, കല- ഫാഷൻ- വിനോദ മേഖലയിൽ നിന്നുള്ള മറ്റു ശ്രദ്ധേയരായ വ്യക്തികൾ എന്നിവർ പങ്കെടുക്കുന്നു.
പ്രതിഷേധക്കാര്‍ പരിപാടി തടസ്സപ്പെടുത്താതിരിക്കാന്‍ മെറ്റ് ഗാല വേദിക്ക് ചുറ്റുമുള്ള വിവിധ പ്രദേശങ്ങളിൽ ന്യൂയോര്‍ക്ക് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. വൈകിട്ട് 6.30 ഓടെ സെലിബ്രിറ്റികളും മറ്റു എത്തിത്തുടങ്ങിയതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കാന്‍ തുടങ്ങി. ഗസ്സ യുദ്ധത്തിനെതിരെ യു.എസിലുടനീളമുള്ള സര്‍വകലാശാലകളിലും കോളേജുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് തിങ്കളാഴ്ച രാത്രി മെറ്റ് ഗാല വേദിക്ക് പുറത്ത് സമരക്കാര്‍ അണിനിരന്നത്. ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെൻ്റ് (NYPD) അറസ്റ്റുകൾ സ്ഥിരീകരിച്ചു. എന്നാൽ തിങ്കളാഴ്ച രാത്രി എത്ര പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കിയില്ല. ഏപ്രിൽ പകുതി മുതൽ 2,400-ലധികം പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.പ്രതിഷേധക്കാർ ന്യൂയോർക്ക് സിറ്റിയിലെ സർവകലാശാലയായ ഹണ്ടർ കോളേജിൽ നിന്നുള്ളവരാണെന്ന് എൻബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് ഒരു കൂട്ടം പ്രതിഷേധക്കാർ സെൻട്രൽ പാർക്കിൽ ‘വിമോചനമില്ലാതെ ആഘോഷമില്ല’ എന്ന ബാനറുകളുമായി ഒത്തുകൂടിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.നഗരത്തിലെ ഫിഫ്ത്ത് അവന്യൂവിലൂടെ ഒരു വലിയ കൂട്ടം പ്രതിഷേധക്കാര്‍ കടന്നുപോയി. ഫലസ്തീന്‍ പതാകകള്‍ വീശി ‘ഗസ്സ ഗസ്സ’ എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ടാണ് പ്രതിഷേധക്കാരെത്തിയത്. തിങ്കളാഴ്ചയും ഒരു കൂട്ടം പ്രകടനക്കാർ സെൻട്രൽ പാർക്കിലെ ഒന്നാം ലോക മഹായുദ്ധത്തിൻ്റെ സ്മാരകം നശിപ്പിക്കുകയും അമേരിക്കൻ പതാക കത്തിക്കുകയും ചെയ്തു.