‘ഒ.ടി.ടിയിലെ അശ്ലീലതയും നഗ്‌നതയും നിയന്ത്രിക്കണം’; ആവശ്യമുയർത്തി സൽമാൻ ഖാൻ

മുംബൈ: ഒ.ടി.ടിയ്ക്ക് മേലുള്ള സെൻസർഷിപ്പിനെ അനുകൂലിച്ച് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ നല്ല ഉള്ളടക്കങ്ങളാണ് വേണ്ടതെന്നതടക്കമുള്ള അഭിപ്രായങ്ങളാണ്‌ 68ാമത് ഫിലിം ഫെയർ അവാർഡുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ നടൻ പറഞ്ഞു. ‘മാധ്യമങ്ങളിൽ സെൻസർഷിപ്പ് വേണമെന്ന് ഞാൻ തീർച്ചയായും കരുതുന്നു. അശ്ലീലത, നഗ്‌നത, അസഭ്യം തുടങ്ങിയവ തീർച്ചയായും നിർത്തണം’ സൽമാൻ ആവശ്യപ്പെട്ടു.

’15-16 വയസ്സുകാർക്ക്‌ അവരുടെ ഫോണിൽ ഇത്തരം ഉള്ളടക്കങ്ങൾ ഇപ്പോൾ കാണാൻ കഴിയും. പഠനത്തിനായി ഫോൺ ഉപയോഗിക്കുന്നുവെന്ന് മുൻകൂർ ജാമ്യത്തോടെ നിങ്ങളുടെ മകൾ ഇത്തരം കാര്യങ്ങൾ കാണുന്നത് നിങ്ങൾ ഇഷ്ടപ്പെടുമോ? ഞാൻ ഇത്രയേ ഉദ്ദേശിക്കുന്നുള്ളു, ഒ.ടി.ടിയിലെ ഉള്ളടക്കം പരിശോധിക്കപ്പെടണം. മികച്ച ഉള്ളടക്കം നന്നാകും. അതിന് നിരവധി കാണികളുമുണ്ടാകും’ സൽമാൻ പറഞ്ഞു.

‘പ്രേമ രംഗങ്ങൾ, ചുംബനം, നഗ്‌നതാ പ്രദർശനം എന്നിവയൊക്കെ ചെയ്ത് നിങ്ങൾ നിങ്ങളുടെ താമസസ്ഥലത്ത് ചെല്ലുമ്പോൾ അവിടെ വാച്ച്മാൻ അവ കണ്ടുകൊണ്ടിരിക്കുകയാണെങ്കിൽ… ചില സുരക്ഷാ കാരണങ്ങളാൽ അത് ശരിയല്ലെന്ന് എനിക്ക് തോന്നുന്നു. നാം അതിരുകൾ ലംഘിക്കരുത്. നാം ഇന്ത്യയിലാണ് ജീവിക്കുന്നത്. മുമ്പ് വളരെ കൂടുതലായിരുന്നു. ഇപ്പോൾ നിയന്ത്രിക്കപ്പെട്ടു’ ബോളിവുഡ് സൂപ്പർ താരം പറഞ്ഞു.

‘കിസ് കാ ബായ്, കിസി കി ജാൻ’ ആണ് സൽമാൻ ഖാന്റെ അടുത്ത ചിത്രം. പൂജ ഹെഗ്‌ഡെയാണ് നായിക. 2023 പെരുന്നാളിന് തിയറ്ററിലെത്തും. ഫർഹദ് സാംജിയാണ് സംവിധായകൻ. പാലക് തിവാരി, ഷഹ്‌നാസ് ഗിൽ, രാഘവ് ജുയാൽ, സിദ്ധാർത്ഥ് നിഗം, വിജേന്ദർ സിംഗ്, വെങ്കിടേഷ് ദഗ്ഗുബട്ടി, ഭൂമിക ചാവ്‌ല, ജെസ്സി ഗിൽ എന്നിവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. വർഷാവസാനത്തിൽ ടൈഗർ 3യും പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *