കേരളം വൃദ്ധസദനമായി മാറുന്നു; ന്യൂനപക്ഷങ്ങളുടെ അവകാശസംരക്ഷണം ഉറപ്പാക്കും -സാബു എം. ജേക്കബ്
കിഴക്കമ്പലം (കൊച്ചി): വികസന മുരടിപ്പ് തുറന്ന് കാട്ടപ്പെടാതിരിക്കാൻ നിരന്തരം വർഗീയത പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിൽ ഭീതി പരത്താനല്ലാതെ ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ അകറ്റാനോ ക്ഷേമം ഉറപ്പാക്കാനോ ഇതുവരെ ഇടത് -വലത് മുന്നണികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ട്വന്റി20യുടെ എൻ.ഡി.എ പ്രവേശനത്തിലൂടെ ന്യൂനപക്ഷങ്ങളുടെ അവകാശവും സംരക്ഷണവും ഉറപ്പാക്കും.
മറ്റ് സംസ്ഥാനങ്ങൾ അതിവേഗം വളർച്ച കൈവരിക്കുമ്പോൾ കേരളം വൃദ്ധസദനമായി മാറുകയാണ്. ഇടത്-വലത് മുന്നണികളുടെ ജനദ്രോഹ സമീപനങ്ങൾക്കും അഴിമതിക്കുമെതിരെ രൂപംകൊണ്ട പാർട്ടിയാണ് ട്വന്റി20. അഴിമതിരഹിത വികസനം നടപ്പാക്കി വിജയിച്ച മാതൃക കേരളം മുഴുവൻ വ്യാപിപ്പിക്കുകയാണ് എൻ.ഡി.എ മുന്നണിയുടെ ഭാഗമാകുന്നതിലൂടെ ലക്ഷ്യമിടുന്നത്. 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ മൂന്നാമതും അധികാരത്തിലെത്തിയ മുന്നണിയുമായാണ് ട്വന്റി20 സഹകരിക്കുന്നത്. പാർട്ടിയിലെ ചെറിയ വിഭാഗം പ്രവർത്തകർ ഇത് ഉൾക്കൊള്ളാനാകാത പുറത്തുപോയെങ്കിലും അതിന്റെ നൂറിരട്ടി അംഗങ്ങൾ പാർട്ടിയിലേക്ക് അനുദിനം വരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
വൈസ് പ്രസിഡന്റ് വി. ഗോപകുമാർ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ചാർലി പോൾ, ചെയർമാൻ ബോബി എം. ജേക്കബ് തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
