മരാമത്തുപ്പണി അറിയിക്കാത്തതിൽ ഗൂഢാലോചന: വീണ്ടും പി.എസ്. പ്രശാന്തിന്‍റെ മൊഴിയെടുത്തു


തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷൻ പി.എസ്. പ്രശാന്തിന്‍റെ മൊഴിയെടുത്തു. 2025ൽ നടന്ന അറ്റകുറ്റപ്പണികളെ കുറിച്ചാണ് ഹൈകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ചോദിച്ചതെന്നാണ് വിവരം.

രണ്ടാം തവണയാണ് പ്രശാന്തിന്‍റെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തുന്നത്. മരാമത്തുപണികളെ കുറിച്ച് അറിയിക്കാതിരുന്നതിൽ ഗൂഢാലോചന ഉണ്ടെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. ദേവസ്വം ബോർഡ് മുൻ അംഗം അജികുമാറിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തി.

2025ൽ ശബരിമലയിലെ ദ്വാരപാലക പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി വശം കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൈകോടതിയുടെ നിർദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നത്. ഈ അന്വേഷണം നടക്കുന്നതിനിടെയാണ് 2019ൽ ശബരിമലയിൽ നടന്ന സ്വർണക്കൊള്ളയുടെ വിവരങ്ങൾ പുറത്തുവന്നത്. 2019ൽ ശബരിമലയിൽ നടന്നത് കൊള്ളയാണെങ്കിൽ 2025ൽ നടന്നത് കൊള്ള മറക്കാനുള്ള നീക്കമാണെന്നാണ് ഹൈകോടതിയുടെ വിലയിരുത്തൽ.

അതേസമയം, പി.എസ്. പ്രശാന്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ വിശദമായ അന്വേഷണം എസ്.ഐ.ടി നടത്തുമെന്നാണ് വിവരം. 2024ലെയും 2025ലെയും ദേവസ്വം നടപടികളിൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യാനും എസ്.ഐ.ടിക്ക് ആലോചനയുണ്ട്.