ചാമ്പ്യന്മാർക്ക് മരണപ്പോര്; ചാമ്പ്യൻസ് ലീഗ് േപ്ലഓഫ് രണ്ടാം പാദത്തിൽ ഇന്ന് പി.എസ്.ജിക്കും റയൽ മഡ്രിഡിനും മത്സരങ്ങൾ

പാരിസ്: ഇന്ന് രാത്രി ചാമ്പ്യൻസ് ലീഗ് േപ്ലഓഫ് രണ്ടാം പാദ പോരാട്ടത്തിൽ നോക്കൗട്ട് തേടി അങ്കം കുറിക്കുന്നത് രണ്ട് വമ്പന്മാർ. മൊണാക്കൊക്കെതിരെ പി.എസ്.ജിയും ബെൻഫിക്കക്കെതിരെ റയൽ മഡ്രിഡും ഒന്നാം പാദം ജയിച്ചുകയറിയത് നേരിയ മാർജിനിലാണ്. ആദ്യം രണ്ടു ഗോളടിച്ച് മേധാവിത്വം കാട്ടിയ മൊണാക്കൊയുടെ വലയിൽ തുടരെ മൂന്നെണ്ണം അടിച്ചുകൂട്ടിയായിരുന്നു പി.എസ്.ജി 3-2ന്റെ ജയം സ്വന്തമാക്കിയത്. ഇരുവട്ടം വലകുലുക്കി ഇളമുറ താരം ഡിസയർ ഡുവെയും ഒന്നടിച്ച് അഷ്റഫ് ഹകീമിയുമായിരുന്നു സ്കോറർമാർ.
എതിർതാരം വംശീയാധിക്ഷേപം നടത്തിയെന്ന് വിനീഷ്യസ് പരാതി ഉന്നയിച്ച രണ്ടാം മത്സരത്തിൽ താരം തന്നെ നേടിയ ഏക ഗോളിനായിരുന്നു റയൽ വിജയം. ഇന്ന് വിജയമോ സമനിലയോ പിടിക്കാനായാൽ ഇരു ടീമിനും നോക്കൗട്ടിലെത്താം. പരാജയമായാൽ കാര്യങ്ങൾ സങ്കീർണമാകും. പി.എസ്.ജിക്കും റയലിനും സ്വന്തം മൈതാനത്താണ് മത്സരമെന്ന ആനുകൂല്യമുണ്ട്. ആദ്യപാദത്തിൽ 80.4 ശതമാനമായിരുന്നു പി.എസ്.ജിയുടെ പന്തിന്മേലുള്ള നിയന്ത്രണം.
ഗോൾവല ലക്ഷ്യംവെച്ച് ടീം പായിച്ചത് 30 ഷോട്ടുകളും. ചാമ്പ്യൻസ് ലീഗിൽ പതിറ്റാണ്ടുകൾക്കിടെ ഇത് ഏറ്റവും ഉയർന്ന ഗോൾഷോട്ടുകളാണ്. മറുവശത്ത്, ലാ ലിഗയിലെ അവസാന മത്സരം തോറ്റ ആധിയിലാണ് റയൽ ബൂട്ടുകെട്ടുന്നത്. ഒസാസുനക്കെതിരെ 2-1നായിരുന്നു തോൽവി. ജൂഡ് ബെല്ലിങ്ങാം, ഡാനി സെബലോസ്, എഡർ മിലിറ്റാവോ എന്നിവർ പരിക്കുമായി പുറത്താണെന്നതും വില്ലനായേക്കും. മറ്റു മത്സരങ്ങളിൽ എളുപ്പമൊന്നും കരകയറാനാകാത്ത തോൽവി ഏറ്റുവാങ്ങിയ യുവന്റസിന് തുർക്കിയ ക്ലബ് ഗലറ്റ്സരായുമായും ബൊറൂസിയ ഡോർട്മണ്ടിന് അറ്റ്ലാന്റക്കെതിരെയും മത്സരമുണ്ട്.
