പൊതുമേഖലാ ബാങ്കുകളെ കേന്ദ്രത്തിന്റെ ‘വഞ്ചകരായ സുഹൃത്തുക്കൾ’ പരിധിയില്ലാത്ത ഫണ്ടായി ഉപയോഗിക്കുന്നു: രാഹുൽ ഗാന്ധി
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളെ കേന്ദ്ര സർക്കാർ അവരുടെ ‘വഞ്ചകരായ സുഹൃത്തുക്കൾക്ക്’ പരിധിയില്ലാത്ത ഫണ്ടായി ഉപയോഗിക്കാൻ അനുവദിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓൾ ഇന്ത്യാ ബാങ്കിങ് ഓഫിസേഴ്സ് കോൺഫെഡറേഷൻ പ്രതിനിധികളുമായി ബുധനാഴ്ച രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്തുവന്നത്.Rahul Gandhi
പൊതുമേഖലാ ബാങ്കുകൾ ജനങ്ങളുടെ ജീവനാഡിയാണ്. എന്നാൽ, സമ്പന്നരും ശക്തരുമായ കോർപ്പറേറ്റുകൾക്ക് മാത്രമായി മോദി സർക്കാർ ജനങ്ങളുടെ ഈ ജീവനാഡികളെ സ്വകാര്യ പണമിടപാടുകാരാക്കി മാറ്റിയെന്ന് രാഹുൽ പറഞ്ഞു.
പൊതുമേഖലാ ബാങ്കുകളുടെ അവസ്ഥയെക്കുറിച്ചും അത് സാധാരണക്കാരിൽ ചെലുത്തുന്ന ആഘാതത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പൊതുമേഖലാ ബാങ്കുകൾ ജനങ്ങളെക്കാൾ ലാഭത്തിന് മുൻഗണന നൽകാൻ നിർബന്ധിതരാകുകയാണ്. അതിനാൽ തന്നെ പൊതുജനങ്ങൾക്ക് ഫലപ്രദമായ സേവനം ലഭിക്കില്ല. ജീവനക്കാരുടെ കുറവും മോശമായ തൊഴിൽ അന്തരീക്ഷവുമുള്ളതിനാൽ അവയുടെ ലക്ഷ്യങ്ങളിൽ എത്താൻ സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു.
വനിതാ ജീവനക്കാർക്ക് തുല്യപരിഗണനയോ ഉയർച്ചയോ നൽകുന്നില്ല. അസംതൃപ്തരായ പൊതുജനങ്ങളുടെ ഭാരം വഹിക്കാൻ അവർ നിർബന്ധിതരാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
പൊതുമേഖലാ ബാങ്കുകളെ കേന്ദ്രത്തിെൻറ വഞ്ചകരായ സുഹൃത്തുക്കൾ പരിധിയില്ലാത്ത ഫണ്ട് സ്രോതസ്സായി ഉപയോഗിക്കുന്നത് മോദി സർക്കാർ അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.