ഖത്തർ ഇറങ്ങുന്നു; സീനിൽ തഹ്സിനെ കാത്ത് ലോക മലയാളികൾ

കാലിഫോർണിയ: ബ്രസീലിനും അർജന്റീനക്കുമായി ആരവമുയർത്തിയ മലയാളി ഫുട്ബാൾ പ്രേമികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇപ്പോൾ ഖത്തറുമുണ്ട്. ലോകകപ്പ് മത്സരങ്ങൾക്ക് കിക്കോഫ് കുറിച്ചതിനുപിന്നാലെ, മത്സര ഫിക്സ്ചറുകൾ എടുത്ത്, കാണേണ്ട കളികൾ കുറിച്ചിട്ട കൂട്ടത്തിൽ ഇത്തവണ ഏഷ്യൻ ചാമ്പ്യന്മാരും ഇടം പിടിക്കാൻ ഒരേയൊരു കാരണം മാത്രമേയുള്ളൂ. അന്നാബികൾ എന്ന വിളിപ്പേരുകാരുടെ സംഘത്തിൽ ഇടം പിടിച്ച ഒരു മലയാളി ഫുട്ബാൾ താരം. ലോകകപ്പിൽ ഖത്തർ തങ്ങളുടെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ശനിയാഴ്ച രാത്രിയിൽ ബൂട്ടുകെട്ടുമ്പോൾ മലയാളി ആരാധകരുടെ കണ്ണുകൾ പരതുന്നത് പ്രവാസിയായി ദോഹയിലെത്തി ദേശീയ ടീമിൽ ഇടം നേടിയ തഹ്സിൻ മുഹമ്മദ് എന്ന കണ്ണൂർ സ്വദേശി. ഗ്രൂപ് ‘ബി’യിൽ പന്തുതട്ടുന്ന ഖത്തർ ഇന്ന് കരുത്തരായ സ്വിറ്റ്സർലൻഡിനെയാണ് നേരിടുന്നത്. ഇന്ത്യൻ സമയം രാത്രി 12.30ന് കാലിഫോർണിയയിലെ സാന്റ കാർലയിലാണ് മത്സരം.
അക്രം അഫീഫ്, ഹസൻ ഹൈദോസ്, അൽ മുഈസ് അലി എന്നിവർ നയിക്കുന്ന മെറൂൺ പടക്കായി സ്പാനിഷ് കോച്ച് ലോപെറ്റ് ഗുയെ ഒരുക്കുന്ന ഗെയിം പ്ലാനിൽ തഹ്സിനും ഇടമുണ്ടെന്നതാണ് ചരിത്ര നിമിഷത്തിനായി കാത്തിരിക്കാനുള്ള പ്രചോദനം. ലോകകപ്പിനുള്ള 26 അംഗ സംഘത്തിൽ ഇടം പിടിച്ചതിനു പിന്നാലെ, ഖത്തർ കളിച്ച രണ്ട് സന്നാഹ മത്സരങ്ങളിലും തഹ്സിൻ പകരക്കാരനായി കളത്തിലിറങ്ങിയതും പ്രതീക്ഷയാവുന്നു. െപ്ലയിങ് ഇലവനിൽ തഹ്സിന് ഇടമുണ്ടാവില്ലെങ്കിലും, രണ്ടാം പകുതിയിൽ ഒരു മിനിറ്റെങ്കിലും കളത്തിലിറങ്ങിയാൽ ലോകവേദിയിൽ ആദ്യമായൊരു മലയാളി എന്ന നിലയിൽ കേരളത്തിനും അത് ചരിത്ര നിമിഷമാവും.
എതിരാളികളായ സ്വിറ്റ്സർലൻഡ് പവർ ഗെയിമിൽ കരുത്തരാണ്. ഗ്രനിത് ഷാക, റുബൻ വർഗാസ്, പ്രതിരോധത്തിലെ ഇന്റർ താരം മാനുവൽ അകൻജി, റികാർഡോ റോഡ്രിഗസ്, ബേൺലിയുടെ സെകി അംദൗനി എന്നിങ്ങനെ നിറഞ്ഞുനിൽക്കുന്നു സ്വിസ് പടയാളികൾ.
