ഖത്തർ കെഎംസിസി നാലാം എറനാടൻ പ്രതിഭ പുരസ്‌കാരം പ്രഖ്യാപിച്ചു
ദോഹ: ഖത്തർ കെഎംസിസി ഏറനാട് മണ്ഡലം കമ്മിറ്റി പി സീതിഹാജിയുടെ നാമധേയത്തിൽ സംഘടിപ്പിക്കുന്ന നാലാമത് എറനാടൻ പ്രതിഭ പുരസ്കാരത്തിന് മുസ്ലിം ലീഗ് നേതാക്കളായ ചേക്കു മുസ്‌ലിയാർ ഊർങ്ങാട്ടിരി പഞ്ചായത്തിലെ കുത്തുപറമ്പ് സ്വദേശി പി ചേക്കു മുസ്‌ലിയാരും കാവനൂർ പഞ്ചായത്തിലെ ഇരുവേറ്റി തോട്ടിലങ്ങാടിയിലെ വി ഹംസ എന്നിവരെയും തിരഞ്ഞെടുത്തു.
ചേക്കു മുസ്‌ലിയാർ 1970 ൽ വില്ലജ് കമ്മിറ്റി ഭാരവാഹിയായി സജീവ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി 1975 ൽ ഊർങ്ങാട്ടിരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ പ്രഥമ ജനറൽ സെക്രട്ടറിയായി. 1977 വരെ കൊണ്ടോട്ടി മണ്ഡലം സഹാഭാരവാഹിയായി. പിന്നീട് 1977 മുതൽ 2010 വരെ മഞ്ചേരിയും ശേഷം ഏറനാട് നിയോജക മണ്ഡലം മുസ്ലിം ലീഗ് സഹഭാരവാഹിയായും സേവനമനുഷ്ഠിച്ചു. നാല് തവണ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. 2019ൽ സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന കമ്മിറ്റി സുവർണ സേവന അവാർഡിന് അർഹനായി.
വി ഹംസ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ, പഞ്ചായത്ത് ഇൻസ്‌പെക്ടർ, താലൂക്ക് പഞ്ചായത്ത് ഓഫീസർ, ശേഷം ജില്ലാ പഞ്ചായത്ത് സുപ്രണ്ടായി സർവിസിൽ നിന്നും വിരമിച്ചു. പിന്നീട് ദീർഘ കാലം കാവനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, പ്രസിഡന്റ്, പഞ്ചായത്ത് ബോർഡ് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, ഏറനാട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചു. നിലവിൽ സംസ്ഥാന മുസ്ലിം ലീഗ് കൗൺസിലറും, കാവനൂർ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്. അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ് കമ്മിറ്റി അംഗം, ജംഇയ്യത്തുൽ മുജാഹിദീൻ കൗൺസിലർ, വിളയിൽ എ ഐ പി സ്കൂൾ മാനേജർ, കെ എൻ എം മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിക്കുന്നു.
ഖത്തറിൽ നടന്ന ചടങ്ങിൽ പികെ ബഷീർ എം എൽ എ യാണ് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചത്. പി കെ ബഷീർ എം എൽ എ, സി പി സൈതലവി, ഡോക്ടർ അബ്ദുസമദ് (ഖത്തർ കെഎംസിസി സംസ്ഥാന പ്രസിഡന്റ്), സവാദ് വെളിയങ്കോട് (കെഎംസിസി മലപ്പുറം ജില്ല പ്രസിഡന്റ്) എന്നിവരടങ്ങുന്ന നാലംഗ ജ്യൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.
അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഫെബ്രുവരി മാസത്തിൽ പുരസ്‌കാര ജേതാക്കളുടെ ജൻമ നാടുകളിൽ നടക്കുന്ന ചടങ്ങുകളിൽ മുസ്ലിം ലീഗ് സംസ്ഥാന ദേശീയ നേതാക്കൾ, എം പി മാർ, എം എൽ എ, ജില്ലാ നേതാക്കൾ ഉൾപ്പടെയുള്ള സമ്മാനിക്കും.
പിവി മുഹമ്മദ് അരീക്കോട്, എം ഐ തങ്ങൾ, എം. സി മുഹമ്മദ് ഹാജി എന്നിവരായിരുന്നു കഴിഞ്ഞ മൂന്ന് ഏറനാടൻ പ്രതിഭ പുരസ്കാര ജേതാക്കൾ. ഖത്തർ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദ് ഈസ, ഏറനാട് മണ്ഡലം പ്രസിഡന്റ് അജ്മൽ അരീക്കോട്, ജനറൽ സെക്രട്ടറി അഹ്‌മദ് നിയാസ് മൂർക്കനാട്, വൈസ് പ്രസിഡന്റ് സഫീറുസ്സലാം എടവണ്ണ, ട്രെഷറർ പി. കെ അബ്ദുൽ മനാഫ് പ്രസംഗിച്ചു. സംസ്ഥാന, ജില്ലാ, മണ്ഡലം നേതാക്കൾ പങ്കെടുത്തു.
Qatar KMCC announced the 4th Eranad Pratibha Award